ന്യൂഡല്‍ഹി(www.mediavisionnews.in): നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ടിക്ടോക്കിന്റെ നിരോധനം അഭിപ്രായസ്വാതന്ത്ര്യം ഹനിക്കലാണെന്നും നിരോധനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആപ്പിന്‍റെ നിര്‍മാതാക്കളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അശ്ലീലത പ്രോല്‍സാഹിപ്പിക്കുന്നുവെന്ന നിരീക്ഷണത്തില്‍ മദ്രാസ് ഹൈക്കോടതി ടിക്ടോക്ക് നിരോധിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു.
ലോകത്തിലെ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് ചെറു വീഡിയോകള്‍ സ്പെഷ്യല്‍ എഫക്ടുകളോടെ നിര്‍മിക്കാവുന്ന സാമൂഹ്യമാധ്യമങ്ങളുടെ ഗണത്തില്‍പ്പെടുന്ന ആപ്പാണ്.
240 മില്ല്യണിലധികം പേര്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പ് വീഡിയോ മാത്രമുള്ളതിനാലും ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ എളുപ്പമാണെന്നതിനാലും കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ജനപ്രീതിയാര്‍ജിച്ചു.
അവരവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടമായ ടിക്ടോക്കിന്‍റെ നിരോധനം ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണെന്നും നിരോധനം റദ്ദാക്കണമെന്നും കമ്പനി വാദിക്കുന്നു.
അതേസമയം കുട്ടികളെ വഴിതെറ്റിക്കുന്നതിനും അശ്ലീലത വളര്‍ത്തുന്നതിനും ടിക്ടോക്ക് കാരണമാകുന്നു എന്ന നിരീക്ഷണത്തിന്‍ മേലായിരുന്നു കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ മുത്തുകുമാറിന്‍റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവുണ്ടായത്. ആപ്പ് നിരോധിക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭയിലും നേരത്തെ ഉയര്‍ന്നിരുന്നു.