മലപ്പുറം(www.mediavisionnews.in): സിപിഎമ്മുമായി താന്‍ അകല്‍ച്ചയിലാണന്നും മുന്നണി വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്ന് പി.വി അന്‍വര്‍ എം എല്‍ എ. തന്നെ മല്‍സരിപ്പിച്ച് എം.എല്‍.എ ആക്കിയത് സി.പി.എം ആണ്. എക്കാലവും സി.പി.എം സഹയാത്രികനായിരിക്കുമെന്നും അന്‍വര്‍ അറിയിച്ചു.
നിലമ്പൂരിലെ വോട്ടര്‍മാരോട് തനിക്ക് കടപ്പാടുണ്ടെന്നും നിലമ്പൂര്‍ എം എല്‍ എ സ്ഥാനം രാജിവക്കുമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അന്‍വര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. വെറുതെ ഒരു ആവേശത്തിന് പറയുന്നതല്ലെന്നും തവനൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ ടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോയ്ക്കിടയില്‍ അന്‍വര്‍ പറഞ്ഞിരുന്നു.
മൂന്ന് വര്‍ഷമായി നിലമ്പൂര്‍ എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന തനിക്ക് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ നിലമ്പൂരിലെ വികസനമുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഹൃദയം കൊണ്ടാണ് താന്‍ വോട്ട് ചോദിക്കുന്നതെന്നും എന്നിട്ടും വോട്ടര്‍മാര്‍ക്ക് തന്നെ വേണ്ടെങ്കില്‍ ഈ പണി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളെയും കുടുംബത്തെയും കച്ചവടവുമെല്ലാം നോക്കി ബാക്കി കാലം ജീവിക്കാമല്ലോയെന്നും അന്‍വര്‍ പറഞ്ഞു. പൊന്നാനിയില്‍ തോറ്റാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അന്‍വര്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് രാജിവയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്.