213 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തും: അമേരിക്കൻ വെബ്സൈറ്റിന്റെ സർവേ ചർച്ചയാകുന്നു

0
467

ന്യൂദൽഹി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ 213 സീറ്റുകകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അമേരിക്കൻ വെബ്സൈറ്റായ ‘മീഡിയം ഡോട്ട് കോം‘. ലോക്സഭയിൽ കേവലഭൂരിപക്ഷത്തിന് 282 സീറ്റുകളാണ് ആവശ്യം. 543 സീറ്റുകളുള്ള ലോക്സഭയിൽ ബി.ജെ.പി 170 സീറ്റുകൾ മാത്രമേ നേടുകയുള്ളൂ എന്നും സൈറ്റ് പറയുന്നു. കോൺഗ്രസ് സഖ്യകക്ഷികളുടെ സീറ്റുകൾ കൂടി കണക്കിലെടുത്താണ് ഈ നിഗമനം.

39 ശതമാനം വോട്ടുകളാണ് കോൺഗ്രസ് നേടുക. എന്നാൽ ബി.ജെ.പി. 2014ൽ നേടിയ 31 ശതമാനം വോട്ടുകൾ തന്നെ ഇത്തവണയും നേടുമെന്നും എന്നാൽ സീറ്റുകൾ കുറവായിരിക്കുമെന്നും സൈറ്റ് പറയുന്നു. മറ്റ് പാർട്ടികൾ മൊത്തമായി 160 സീറ്റുകൾ നേടും. ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം ആധാരമാക്കിയാണ് ‘മീഡിയം’ ഈ നിഗമനത്തിലെത്തുന്നത്.

ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 20,500ഓളം ജനങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം ഇങ്ങനെ കണക്കാക്കുന്നത്. ഗവേഷണ സംഘത്തോട് പ്രതികരിച്ചവരിൽ 48 ശതമാനം പേർ സ്ത്രീകളും 52 പേർ പുരുഷന്മാരുമാണ്. 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റുകൾ മാത്രമാണ് നേടാനായത്. എന്നാൽ പിന്നീട് വിവിധയിടങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഇത് 50 ആയി ഉയർന്നു.

എന്നാൽ ഈ സർവേക്കെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖാണ് ഇതിൽ പ്രമുഖൻ. ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് പറയാതെയാണ് ‘മീഡിയം’ സർവേ പുറത്തുവിട്ടിരിക്കുന്നത്.

ബാക്കിയുള്ളവരും ഇത് തന്നെ ചെയ്യുമെന്നും തെരഞ്ഞെടുപ്പിന്റെ നടക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ ഒരു സർവേ പുറത്ത് വരുന്നത് ഗൗരവതരമായ കാര്യമാണെന്നും ദേശ്മുഖ് വിമർശിച്ചു. ഇപ്പോൾ ഈ സർവേ വൈറൽ ആകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിലെ പോരായ്മകളാണ് പുറത്ത് കൊണ്ട് വരുന്നതെന്നും യശ്വന്ത് ദേശ്മുഖ് പറഞ്ഞു.

‘വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ തെരഞ്ഞെടുപ്പ് സർവേകൾ പുറത്ത് വിടാൻ പാടില്ലെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആസ്ഥാനത്തുള്ളതാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതാണ് അതിനുള്ള കാരണം. ഇന്നത്തെ മാധ്യമങ്ങൾ ഡിജിറ്റലാണ്, അത് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുകയാണ്. ചൈനയിലെ സർക്കാർ ആണെങ്കിൽ ഒരുപക്ഷെ അതിനെ നിയന്ത്രിക്കാനായേക്കും. ആവശ്യം സ്വയം നിയന്ത്രണവും, തുറന്ന ചർച്ചകളുമാണ്. ബാക്കിയെല്ലാം ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥഭരണമാണ്.’ യശ്വന്ത് ദേശ്മുഖ് ട്വിറ്ററിൽ കുറിച്ചു.

ഏഴു ഘട്ടങ്ങളിലായി ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞു. മേയ് 23നാണ് ഫലം വോട്ടെണ്ണൽ. ‘മീഡിയ’ത്തിന്റെ കണക്കുകൾ ശരിയാണെങ്കിൽ വൻ വിജയമാണ് കോൺഗ്രസിനെ കാത്തിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here