തിരുവനന്തപുരം (www.mediavisionnews.in): സിനിമ ടിക്കറ്റുകള്‍ക്ക് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനാണ് ഹൈക്കോടതിയുടെ സ്‌റ്റേ.
സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേല്‍ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12%, 100 രൂപയ്ക്ക് മുകളില്‍ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു 11% വില വര്‍ധിക്കും.
നിലവില്‍ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അധിക നികുതി കൂടി വന്നാല്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും മലയാള സിനിമയുടെ നാശത്തിന് കാരണമാകും എന്നുമാണ് സംഘടനകള്‍ അഭിപ്രായപ്പെടുന്നത്. ബജറ്റിലെ നിര്‍ദ്ദേശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിനിമ പ്രതിനിധികള്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.