നാഗ്പൂര്‍(www.mediavisionnews.in): ആര്‍.എസ്.എസ്സിന്റെ കേന്ദ്ര ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരില്‍ സംഘപരിവാര്‍ സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ (എം.ആര്‍.എം) നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആര്‍.എസ്.എസ് തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഞങ്ങളുടെ ആവശ്യങ്ങളോട് സംഘടന ഉദാസീനത പുലര്‍ത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് 5,000 ഓളം എം.ആര്‍.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് അംഗത്വമെടുത്തവരില്‍ നാഗ്പൂര്‍ ഘടകം അധ്യക്ഷന്‍ റിയാസ് ഖാനും ഉള്‍പ്പെടും. നാഗ്പൂര്‍ പ്രസ്‌ക്ലബ്ബില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാനോ പഠോളെക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റിയാസ് ഖാന്‍ പ്രവര്‍ത്തകര്‍ എം.ആര്‍.എം വിട്ടതായി അറിയിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നു ബോധ്യമായത് ആര്‍.എസ്.എസ്സിന് മുസ്‌ലിംകളുടെ ഉന്നമനം അജണ്ടയേയല്ലെന്നാണെന്ന് റിയാസ് ഖാന്‍ പറഞ്ഞു. തങ്ങളെ ഒരു പ്രദര്‍ശനവസ്തുവായി മാത്രമാണ് ആര്‍.എസ്.എസ് കാണുന്നതെന്നും എം.ആര്‍.എമ്മിന്റെ വനിതാ നേതാക്കളായ ഇഖ്‌റഅ് ഖാനും ശബ്‌നം ഖാനും ആരോപിച്ചു.
ബുര്‍ഖ ധരിച്ച് കൊണ്ട് ആര്‍.എസ്.എസ്സിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ സംഘടന നിര്‍ബന്ധിപ്പിക്കും. മുസ്‌ലിംകളും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണിത്. ഹിന്ദു ദൈവങ്ങളുടെ മേല്‍ പുഷ്പാര്‍ച്ചന നടത്താനും തങ്ങളോട് ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെടും. പക്ഷേ, മതവിശ്വാസവുമായി യോജിച്ചുപോവാത്തതിനാല്‍ ഞങ്ങള്‍ അതു ചെയ്യാറില്ലെന്ന് അവര്‍ പറഞ്ഞു.
നാഗ്പുരില്‍ ആര്‍.എസ്.എസ്. ആസ്ഥാനത്തോടുചേര്‍ന്ന് ഇഫ്ത്താര്‍സംഗമം നടത്തണമെന്ന് എം.ആര്‍.എം. അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ആര്‍.എസ്.എസ്. അതിന് സമ്മതംനല്‍കിയില്ല. തുടര്‍ന്നാണ് എം.ആര്‍.എം. പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് അകലാന്‍ തുടങ്ങിയത്. നെയ്ത്തുകാരുടെ ഹാല്‍ബാ സമുദായവും ക്രൈസ്തവരും ഒപ്പമുണ്ടെന്ന് ഖാന്‍ പറഞ്ഞു.
ബി.ജെ.പി.യുടെ എം.പി.യായിരുന്ന നാനാ പഠോളെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞവര്‍ഷം പാര്‍ട്ടിവിട്ടത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരേയാണ് അദ്ദേഹം മത്സരിക്കുന്നത്.