ന്യൂഡല്‍ഹി(www.mediavisionnews.in) : എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കില്ല. അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. 2014ലെ തെരഞ്ഞെടുപ്പില്‍ അജയ് റായ് വാരണാസിയില്‍ മൂന്നാംസ്ഥാനത്തായിരുന്നു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വാരാണസിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു പ്രിയങ്ക ഗാന്ധി ഇക്കാര്യം പറഞ്ഞിരുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ച ശേഷം പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ എത്തിയിരുന്നു. എന്നാല്‍, അന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തന്നെയാണ് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നത്.പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. പിന്നീട് മത്സരസാധ്യത തള്ളാതെ പ്രിയങ്ക രംഗത്തെത്തിയത് അണികളില്‍ ആവേശം പടര്‍ത്തിയിരുന്നു.
രാഹുല്‍ ഗാന്ധിക്ക് വോട്ടുതേടി പ്രിയങ്കാ ഗാന്ധി വയനാട്ടിലുമെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി. വസന്തകുമാറിന്റെ തറവാട്ടുവീട്ടിലെത്തി കുടുംബാംഗങ്ങളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.