നാഗ്പൂർ(www.mediavisionnews.in): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമാര്‍ശവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വയനാട്ടില്‍ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന്തി രിച്ചറിയാനാകില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുവെയാണ് അമിത് ഷാ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഏപ്രില്‍ നാലിന് വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷനെ വരവേല്‍ക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.
‘സഖ്യ കക്ഷികളെ തൃപ്തിപ്പെടുത്താനായി ഈ രാഹുല്‍ ബാബ കേരളത്തിലേക്ക് പോയി അവിടെ ഒരു സീറ്റില്‍ മത്സരിക്കുകയാണ്. അവിടെ ഘോഷയാത്ര നടന്നപ്പോള്‍ ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ ഇത് നടക്കുന്നതെന്ന് തിരിച്ചറിയാനാവില്ല,’- അമിത് ഷാ പറഞ്ഞു.
നേരത്തെ, പാകിസ്ഥാന്‍ പതാകകള്‍ വീശിയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിച്ചതെന്ന് സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും സംഘപരിവാര്‍ സംഘടനയായ പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരി ആരോപിച്ചരുന്നു. മുസ്ലിം ലീഗിന്റെ സന്തോഷപ്രകടനത്തിന്റെ വീഡിയോ ആണ് പാകിസ്ഥാന്‍ പതാക വീശിയുള്ള പ്രകടനം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രേരണാകുമാരി ട്വീറ്റ് ചെയ്തിരുന്നത്.
ഇതു കൂടാതെ, മുസ്ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തതും വന്‍ വിവാദമായിരുന്നു.