ന്യൂദല്‍ഹി(www.mediavisionnews.in): ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യ ടിവി സിഎന്‍എക്സ് പ്രീ പോള്‍ സര്‍വേ പുറത്തുവന്നു. കോണ്‍ഗ്രസിന് ആശ്വാസം നല്കുന്നതാണെങ്കിലും എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തിന് ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. 275 സീറ്റാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് ലഭിക്കുകയെന്ന് സര്‍വേ പ്രവചിക്കുന്നു.
നിലവില്‍ 282 സീറ്റുണ്ടായിരുന്ന ബിജെപി 230 സീറ്റിലേക്ക് വഴുതിവീഴും. 52 സീറ്റിന്റെ കുറവ്. കോണ്‍ഗ്രസാകട്ടെ വലിയ കുതിപ്പ് നടത്തും. 44 സീറ്റില്‍ നിന്ന് 97 സീറ്റിലേക്കാകും രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് കുതിക്കുക. യുപിഎയ്ക്ക് ആകെ ലഭിക്കുക 126 സീറ്റുകളാകും. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയാകും യുപിഎയ്ക്ക് കൂടുതല്‍ സീറ്റുകള്‍ സമ്മാനിക്കുക.
കേരളത്തില്‍ യുഡിഎഫ് 14 സീറ്റുകള്‍ നേടുമ്പോള്‍ എല്‍ഡിഎഫിന് 5 സീറ്റുകളാണ് ലഭിക്കുക. ഒരു സീറ്റില്‍ ബിജെപി ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. തിരുവനന്തപുരമാണ് ഈ സീറ്റെന്നാണ് ഇന്ത്യ ടിവി പറയുന്നത്. രാഹുല്‍ കേരളത്തില്‍ വന്നതോടെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചേക്കാമെന്നും സര്‍വേ വ്യക്തമാക്കുന്നു.
കഴിഞ്ഞതവണ ബിജെപി തൂത്തുവാരിയ ഉത്തര്‍പ്രദേശിലാകും അവര്‍ക്ക് വലിയ തിരിച്ചടിയേക്കുക. 71 സീറ്റില്‍ ജയിച്ച പാര്‍ട്ടിക്ക് ഇത്തവണ 40 സീറ്റില്‍ ഒതുങ്ങേണ്ടിവരും. 80 സീറ്റുള്ള സംസ്ഥാനത്ത് 31 സീറ്റുകള്‍ നഷ്ടം. കോണ്‍ഗ്രസിന് ഇവിടെ നേട്ടമുണ്ടാകും. രണ്ടില്‍ നിന്ന് സീറ്റ് നാലാകും. ബിഎസ്പി 16, എസ്പി 18 എന്നിങ്ങനെയാണ് മറ്റു സീറ്റുനില.
കടുത്ത പോരാട്ടം നടക്കുന്ന ബംഗാളില്‍ തൃണമൂല്‍ കോട്ടകളില്‍ ബിജെപി കടുത്ത മത്സരം നടത്തും. 42 സീറ്റില്‍ മമതയുടെ തൃണമൂല്‍ 28 സീറ്റില്‍ ജയിക്കുമ്പോള്‍ ബിജെപിക്ക് 12 സീറ്റ് ലഭിക്കും. കോണ്‍ഗ്രസും ഇടതുപക്ഷവും ഓരോന്നില്‍ തൃപ്തിപ്പെടും. കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റയ്ക്ക് മത്സരിച്ചതിന്റെ ഗുണഫലം ഇവിടെ ബിജെപിക്ക് കിട്ടുമെന്നാണ് സര്‍വേ സമര്‍ത്ഥിക്കുന്നത്.
ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെയും ആന്ധ്രപ്രദേശിലെയും സര്‍വേയും പുറത്തുവന്നിട്ടുണ്ട്. വര്‍ഷങ്ങളായി അധികാരത്തിലുള്ള നവീന്‍ പട്‌നായിക്ക് ഒഡീഷയില്‍ ഭരണം നിലനിര്‍ത്തും. ആകെയുള്ള 147 ല്‍ 100 സീറ്റുകളിലും ബിജു ജനതാദള്‍ ജയിക്കും. ബിജെപി 31 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും ജയിക്കുമ്പോള്‍ 17 എണ്ണം സ്വതന്ത്രര്‍ക്കാണ്.
ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയും ചന്ദ്രബാബു നായിഡുവും വീഴുമെന്ന് അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാതെ സര്‍വേ പറയുന്നു. ഒറ്റയ്ക്ക് മത്സരിക്കുന്ന നായിഡുവിന്റെ പാര്‍ട്ടിക്ക് 175ല്‍ വെറും 45 സീറ്റേ ലഭിക്കുകയുള്ളൂ. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 100 സീറ്റ് ലഭിക്കും. കോണ്‍ഗ്രസ് (4), ബിജെപി (3) എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ അവസ്ഥ.