ഗോവ (www.mediavisionnews.in): മോക്ക് വോട്ടിങ്ങിനിടെ 9 വോട്ടുകള്‍ ചെയ്തിടത്ത് ബി.ജെ.പിക്ക് ലഭിച്ചത് 17 വോട്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വോട്ടിങ് യന്ത്രം മാറ്റി തെരഞ്ഞെടുപ്പു കമ്മീഷന്‍ തടിയൂരി. ഗോവയിലെ പനാജിയിലാണ് ഈ അപൂർവ സംഭവം നടന്നത്.
ആറ് സ്ഥാനാര്‍ത്ഥികള്‍ക്കും ഒമ്പതു വീതം വോട്ടുകളാണ് മോക്ക് വോട്ടിങ്ങില്‍ അനുവദിച്ചത്. എന്നാല്‍ വോട്ട് എണ്ണി നോക്കിയപ്പോള്‍ ബി.ജെ.പിക്ക് 17, കോണ്‍ഗ്രസിന് ഒമ്പത്, എ.എ.പിക്ക് എട്ട്, സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒന്ന് എന്ന നിലയിലായിരുന്നു വോട്ടുകൾ.
ഇത് കൊള്ളയാണെന്നാണ് ഗോവയിലെ എ.എ.പി നേതാവ് എല്‍വിസ് ഗോമസ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. നാണം കെട്ട തിരഞ്ഞെടുപ്പ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെ വോട്ടിങ് യന്ത്രം മാറ്റിയതായി ഗോവ തെരഞ്ഞെടുപ്പു കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ‘ എ.സി 34, പോളിങ് ബൂത്ത് നമ്പര്‍ 31ലെ മുഴുവന്‍ ഇ.വി.എമ്മുകളും മാറ്റി നല്‍കിയിട്ടുണ്ട്.’ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വീറ്റ്.