കൊച്ചി(www.mediavisionnews.in): ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എന്നാല്‍ തലച്ചോറിലെ രക്തസ്രാവം തുടരുന്നതായും, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ വെന്റിലേറ്ററില്‍ പ്രത്യേക നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതിനിടെ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടിയുടെ തലച്ചോറിനും തലയോട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് എങ്ങനെ ഉണ്ടായി എന്നറിയാന്‍ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും. അമ്മയ്ക്കും അച്ഛനുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളതാണെന്നാണ് നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ് പാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് ഏലൂര്‍ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്ബതികളുടെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടി മേശപ്പുറത്ത് നിന്ന് വീണെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ പരിക്കുകളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ച് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്ബാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.