‘മുസ്‌ലിം സ്ത്രീകള്‍ സ്വന്തം വീട്ടിലാണ് പ്രാര്‍ത്ഥിക്കേണ്ടത്’; വിശ്വാസ സ്വാതന്ത്യത്തില്‍ കോടതി ഇടപ്പെടുന്നതിനെ അംഗീകരിക്കില്ലെന്നും ഇ.കെ സുന്നി വിഭാഗം

0
757

ന്യൂദല്‍ഹി(www.mediavisionnews.in): മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിക്കെതിരെ ഇ.കെ സുന്നി വിഭാഗം രംഗത്ത്. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ലെന്നും വിശ്വാസസ്വാതന്ത്ര്യത്തില്‍ കോടതി ഇടപ്പെടുന്നതിനെ അംഗീകരിക്കുന്നില്ലെന്നും സമസ്ത ജനറല്‍ സെക്രട്ടറി ആലികുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

ശബരിമല പ്രശ്‌നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്നും മുസ്‌ലിം സ്ത്രീകള്‍ സ്വന്തം വീട്ടിലാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുസ്‌ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍, വക്കഫ് ബോര്‍ഡ്, വ്യക്തി നിയമ ബോര്‍ഡ് തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.

വിലക്കിയതാണോയെന്നും ചോദിച്ച കോടതി നിയമത്തിന്റെ പിന്‍ബലത്തോടെയാണോ വിലക്കെന്നും ചോദിച്ചിരുന്നു. ശബരിമല യുവതീ പ്രവേശന വിധിയുള്ളത് കൊണ്ട് മാത്രമാണ് ഹര്‍ജി പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു.

‘ഹാജി അലി ദര്‍ഗ കേസിലും ശബരിമല കേസിലും സ്ത്രീ പ്രവേശനം എന്തായി, മക്കയില്‍ എന്താണ് സാഹചര്യം? വിലക്ക് ഉണ്ടോ’. – കോടതി ചോദിച്ചു.

പള്ളി, ക്ഷേത്രം എന്നിവയ്ക്ക് എതിരെ നിങ്ങള്‍ക്ക് ഭരണഘടനയുടെ അനുച്ഛേദം 14 പ്രകാരം തുല്യതയ്ക്കുള്ള അവകാശം ഉന്നയിക്കാന്‍ ആകുമോ. നിങ്ങള്‍ ആരെയെങ്കിലും വീട്ടില്‍ പ്രവേശിക്കുന്നതില്‍ വിലക്കിയാല്‍ പോലീസ് സംരക്ഷണത്തോടെ നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കാന്‍ അയാള്‍ക്ക് അവകാശം ഉന്നയിക്കാന്‍ ആകുമോയെന്നും കോടതി ചോദിച്ചു.

മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. ജസ്റ്റിസ് എസ്.എ ബോബ്ടെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here