ഉപ്പള(www.mediavisionnews.in): സി.പി.എം വിട്ടു മുസ് ലിം ലീഗിൽ ചേർന്നു എന്ന വിരോധത്തിൽ ബന്തിയോട് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുസ് ലിം ലീഗ് പ്രവർത്തകൻ അഷ്റഫിനെ ആക്രമിച്ച സംഭവം സി.പി.എം നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഗോൾഡൻ റഹ് മാൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സാംസ്കാരികമായി ഉന്നത നിലവാരത്തിൽ എത്തിയ കേരളത്തിൽ പോലും സംസ്കാരശൂന്യമായി അക്രമങ്ങൾ അഴിച്ചുവിട്ടു എതിരാളികളെ ഭയപ്പെടുത്താം എന്ന ചിന്ത മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി അവസാനിപ്പിക്കണം. വളരെ സൗഹാർദ്ദപരമായി പരസ്പര സഹകരണത്തോടെ രാഷ്ട്രീയ ജീവിതം നയിക്കുന്ന മംഗൽപാടിയിൽ പോലും അക്രമത്തിന്റെ പാത സി.പി.എം തിരഞ്ഞെടുത്തത് ശരിയായ രീതിയല്ല. ഇത്തരം അക്രമവാസനയുള്ള നേതാക്കളെ നിലക്കുനിർത്താൻ പാർട്ടി മുന്നോട്ടു വരണം. സി.പി.എം നേതാവ്
ലോക്കൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു ശേഷമാണ് ബന്തിയോട് മേഖലയിൽ പാർട്ടി അക്രമത്തിന്റെ പാതയിലേക്ക് എത്തിയിരിക്കുന്നത്. പാർട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവരെ പോലും അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കില്ല എന്ന നിലപാടോടെ പോലീസിൽ കള്ളക്കേസ് കൊടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതേ നിലപാടുമായി മുന്നോട്ടുപോകാമെന്നാണ് സി.പി.എമ്മിന് ഭാവമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.