കോഴിക്കോട്(www.mediavisionnews.in): മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ പരാതി. അഭിഭാഷകനായ ഷുക്കൂറാണ് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ശശികലയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കസബ പൊലീസിനാണ് അന്വേഷണ ചുമതല.
കേരളീയര്‍ക്കിടയില്‍ വിഭാഗീയതയും വിദ്വേഷവും ഉണ്ടാക്കുന്ന വിധത്തിലും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന വിധത്തിലും വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശശികലയ്ക്കു പുറമേ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചതിന് സജിതന്‍ എം.സി, അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ശശികലയുടെ വിദ്വേഷ പ്രസംഗങ്ങള്‍ നിരവധി ഫേസ്ബുക്ക് ഐഡികളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളും യൂട്യൂബ് ചാനലുകളും വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിന്ദു ഭൂമിയെന്ന യൂട്യൂബ് ചാനല്‍ വിദ്വേഷം വളര്‍ത്തുന്ന 40 ഓളം പ്രസംഗങ്ങള്‍ അപ്‌ലോഡ് ചെയ്തതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.