കൊച്ചി(www.mediavisionnews.in): കൊച്ചി കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടത്തിയ കേസിൽ രണ്ടുപേര്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍ . എറണാകുളം ജില്ലക്കാരായ ബിലാൽ, വിപിൻ വർഗീസ് എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധമുള്ളവരാണ് പ്രതികൾ. രവി പൂജാരിയുടെ സംഘം ബന്ധപ്പെട്ടത് കാസർകോടുള്ള ഗുണ്ടാസംഘം വഴിയാണ്. കേസിൽ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.
കേസിൽ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗൂഢാലോചന, ആയുധം കാണിച്ചു ഭീഷണിപ്പെടുത്തൽ, കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ആയുധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണു കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. കാസർകോട് ബേവിഞ്ചയിൽ സമാനമായ രീതിയിൽ കരാറുകാരന്റെ വീടിനു നേരെ വെടിയുതിർത്തു പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസുമായി ബ്യൂട്ടി പാർലർ വെടിവയ്പിനു സമാനതകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ 2018 ഡിസംബർ 15നാണു ബൈക്കിലെത്തിയ 2 പേർ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിയുതിർത്തത്. വെടിവയ്പിന് ഒരുമാസം മുൻപു നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിനു നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നു.
വെടിവയ്പു നടത്തി 4 ദിവസം കഴിഞ്ഞപ്പോൾ രവി പൂജാരി വിദേശത്തുനിന്നു പ്രാദേശിക വാർത്താ ചാനലിന്റെ ഓഫിസിലേക്കു വിളിച്ചു വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. രവി പൂജാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിച്ചു ബോധ്യപ്പെട്ടതോടെ പ്രതിക്കെതിരായ ആദ്യ തെളിവായി.