അഗര്‍ത്തല(www.mediavisionnews.in): ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ.
ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും ഒരു മകനും മകളുമാണ്.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും വന്നിട്ടില്ല.
2018 ലാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് ബിപ്ലബ് ദേബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതും ബിപ്ലബ് ആവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പിജുഷ് കാന്തി ബിശ്വാസ് പറഞ്ഞു.
മതം, ജാതി, വര്‍ണം, ജനനസ്ഥലം, ഭാഷ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനാണ് ബിപ്ലബ് ശ്രമിക്കുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ പിജുഷ് വ്യക്തമാക്കിയിരുന്നു.
ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിക്കും താഴെയാണന്ന് അടുത്തിടെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്‌സ് നടത്തിയ സര്‍വേയില്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളെ ബന്ധപ്പെടുത്തി നടത്തിയ പഠനമായിരുന്നു ഇത്. കാര്‍ഷിക വായ്പാ ലഭ്യത, തൊഴില്‍, ക്രമസമാധാനം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് സര്‍വേയില്‍ പറഞ്ഞത്. റൂറല്‍ ത്രിപുരയില്‍ കാര്‍ഷികാവശ്യത്തിനായി വെള്ളം എത്തിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
25 വര്‍ഷം നീണ്ട സി.പി.ഐ.എം ഭരണത്തില്‍നിന്നും ബി.ജെ.പിയും സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും ചേര്‍ന്നാണ് ത്രിപുര ഭരണം പിടിച്ചെടുത്തത്.