ദില്ലി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ 50ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് സുപ്രീം കോടതിയിൽ പ്രതിപക്ഷ പാർട്ടികൾ സത്യവാങ്മൂലം നൽകി. ആംആദ്മി പാർട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. മെയ് 23 നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവി പാറ്റ് രസീതുകൾ എണ്ണേണ്ടി വന്നാൽ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒൻപത് ദിവസമെങ്കിലും വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
എന്നാൽ ഫലപ്രഖ്യാപനം എത്ര വൈകിയാലും കാത്തിരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷ പാർട്ടികൾ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണെങ്കിൽ രണ്ടര ദിവസം കൊണ്ട് തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കാമെന്നും പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. വിഷയത്തിൽ നാളെ സുപ്രീം കോടതി തീരുമാനമുണ്ടാകും.
എന്താണ് വിവിപാറ്റ്?
വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും. അതിനാണ് വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാർഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാൻ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനം പ്രദാനം ചെയ്യുന്നു. വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടുകൾ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന ഘട്ടത്തിൽ വിവിപാറ്റ് സംവിധാനം വളരെ ഉപകാരപ്രദമാണ്.
വിവിപാറ്റുകളുടെ പ്രവര്‍ത്തന രീതി
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്പോള്‍ അത് വിവിപാറ്റിലും രേഖപ്പെടുന്നു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് ഒരു കടലാണ് അച്ചടിച്ചു വരും. ആ പേപ്പർ രശീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടർന്ന് വോട്ടർമാർക്ക് ആ പേപ്പർ രശീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്‍റ് സമയം നൽകും.
എന്നാൽ ആ രസീതികൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല. അതത് ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിൽ രസീതികൾ നിക്ഷേപിക്കണം. ഇത്തരത്തിൽ പേപ്പർ രസീതികൾ ബോക്സുകളിൽ നിക്ഷേപിക്കുമ്പോൾ വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകൾ എണ്ണാൻ സാധിക്കും. വിവിപാറ്റ് മെഷിനുകൾ വോട്ടര്‍മാർക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യയിൽ ആദ്യമായി വിവിപാറ്റ് സംവിധാനം ഉപയോഗിച്ച് 2013ൽ നാഗാലാന്റിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്.