കാസർകോട്(www.mediavisionnews.in): തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നാളെ ജില്ലാ വരണാധികാരിക്ക് മറുപടി നൽകും. മറുപടി തയ്യാറാക്കാനായി അഡ്വക്കറ്റ് സി കെ ശ്രീധരനെ ചുമതലപ്പെടുത്തി.
ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് എൽഡിഎഫാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെ പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ നോഡൽ ഓഫീസർ രാജ്മോഹൻ ഉണ്ണിത്താൻ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു.
”കലിയുഗ വരദാനാണ് ശബരിമല അയ്യപ്പന്‍. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ആ അയ്യപ്പനെ കാണാന്‍ ആരെങ്കിലും മാലയിട്ടാല്‍ അയാള്‍ അങ്ങനെയൊരു അധ്യാത്മിക തലത്തിലേക്ക് ഉയരണം. വ്രതമെടുക്കാതെ ശരണം വിളിക്കാതെ മാലയിടാതെ പതിനെട്ടാം പടി ചവിട്ടാതെ രണ്ട് പെണ്ണുങ്ങളെ കൊണ്ടു പോയി മലയില്‍ കയറ്റി. ഈ ദൃശ്യങ്ങള്‍ കണ്ട് എന്‍റെ ഭാര്യ നിലവിളിച്ചു. അവളുടെ അമ്മ മരിച്ചപ്പോള്‍ പോലും അവള്‍ അങ്ങനെ കരഞ്ഞിട്ടില്ല. ശബരിമലയില്‍ അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം തകര്‍ക്കാന്‍ മുഖ്യമന്ത്രി മുന്നിട്ടിറങ്ങിയതില്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് ദുഖമുണ്ട് അമര്‍ഷമുണ്ട്…” ഇതായിരുന്നു ഉണ്ണിത്താന്‍റെ വാക്കുകള്‍.
എന്നാൽ സർക്കാർ നടപടി വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും തെരഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താന്‍റെ വാദം.