(www.mediavisionnews.in): വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെതിരെ വനിതാമതിലിൻ്റെ സംഘാടകൻ സി പി സുഗതൻ രംഗത്ത്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകുമെന്നാണ് സുഗതൻ അഭിപ്രായപ്പെട്ടത്.
പി ജയരാജനൊപ്പം പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെയും സി പി സുഗതൻ വിമർശിച്ചിട്ടുണ്ട്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകും. അതുപോലെ സുരേന്ദ്രന്‍ എന്ന “തരികിട” ജയിച്ചാലും- സി പി സുഗതൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സുപ്രീം കോടതി വിധിയെ തുടർന്ന് യുവതികൾ ശബരിമലയിൽ പ്രവേശിക്കുവാൻ എത്തിയപ്പോൾ തടയുകയും യുവതീപ്രവേശനത്തെ എതിർക്കുകയും ചെയ്ത ആളെ സർക്കാറിന്റെ വനിതാമതിൽ പരിപാടി ജോയിൻറ് കൺവീനറാക്കിയത് വിവാദമായിരുന്നു. തുടർന്നു മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഹിന്ദു പാർലമെന്റ് പ്രതിനിധി സിപി സുഗതനെ സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്.
തുലാമാസ പൂജ നാളിൽ പമ്പയിൽ രാഹുൽ ഈശ്വർ അടക്കമുള്ള സംഘത്തോടൊപ്പം സിപി സുഗതൻ ദേശീയ മാധ്യമങ്ങളിലെ വനിതാ മാധ്യപ്രവർത്തകരെ തടയാൻ ഉണ്ടായിരുന്നു. സുപ്രീം കോടതി വിധി വന്നാലും ഭക്തസ്ത്രികാൾ അയ്യപ്പനെ കളങ്കപ്പെടുത്തില്ലെന്നും വിധിക്ക് കാത്തിരിക്കുന്നവർക്കെതിരെ മോശം പദപ്രയോഗങ്ങളും ഫേസ് ബുക്കിലിട്ടിരുന്നു.
ഹാദിയ കേസിൻറെ വിവാദ സമയത്ത് സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. സ്ത്രീകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന സുഗതനെ നവോത്ഥാന മൂല്യം ഉയർത്താനുള്ള സംഘാടക സമിതിയില്‍ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങളാണ് ക്ഷണിച്ചുവരുത്തിയത്.