ദില്ലി(www.mediavisionnews.in): പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ നിന്ന് മത്സരിക്കുമെന്ന് റിട്ടയേർഡ് ജസ്റ്റിസ് സി.എസ്. കർണൻ. ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ”വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.” റിട്ടയേർഡ് ജസ്റ്റിസ് വ്യക്തമാക്കി.
അറുപത്തിമൂന്നുകാരനായ ജസ്റ്റിസ് കർണൻ വാരണാസി കൂടാതെ ചെന്നൈ സെന്ററിൽ നിന്നും ജനവിധി തേടുന്നുണ്ട്. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ചു നീക്കുകയാണ് തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യമായി കോടതിയലക്ഷ്യക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ന്യായാധിപനാണ് ജസ്റ്റിസ് കർണൻ. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപൻമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് ആറ് മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.