കൊണ്ടോട്ടി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റും മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ മജീദ് ഫൈസി വ്യക്തമാക്കി.
കേരളത്തില്‍ 20 ലോക്സഭ മണ്ഡലങ്ങളാണ് ആകെയുള്ളത്. അതില്‍ 10 മണ്ഡലങ്ങളില്‍ മാത്രമാണ് എസ്.ഡി.പി.ഐ. മത്സരിക്കുന്നത്. മറ്റിടങ്ങളില്‍ വിജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ കൊണ്ടുവന്നതിന്റെ മേന്മ പറയുന്ന ലീഗ് അദ്ദേഹത്തെ തിരുവന്തപുരത്തായിരുന്നു മത്സരിപ്പിക്കേണ്ടിയിരുന്നതെന്ന് മജീദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ തലസ്ഥാനത്ത് മത്സരിച്ചിരുന്നവെങ്കില്‍ തെക്കന്‍കേരളത്തില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റമുണ്ടാക്കാനും ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കാനും സാധിക്കുമായിരുന്നു. അധികാരത്തില്‍ വന്നാല്‍ ബാബരി മസ്ജിദ് വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് കോണ്‍ഗ്രസ് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.