തിരുവനന്തപുരത്തു താമര വിരിയില്ല, വടകരയില്‍ പി. ജയരാജന്‍,രാഹുല്‍ ഗാന്ധിക്ക് റെക്കോഡ്‌ ഭൂരിപക്ഷം; പോലീസ്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌

0
280

തിരുവനന്തപുരം(www.mediavisionnews.in): തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌. വയനാട്ടില്‍ സംസ്‌ഥാനത്തെ റെക്കോഡ്‌ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയപോരാട്ടം നടന്ന തിരുവനന്തപുരം, വയനാട്‌, വടകര മണ്ഡലങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. തിരുവനന്തപുരത്ത്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ശശി തരൂര്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

രാഹുല്‍ ഗാന്ധിക്കു വയനാട്ടില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും. സി.പി.എം. അഭിമാനപ്പോരാട്ടം നടത്തുന്ന വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമാണുള്ളത്‌. ഇവിടെ കഷ്‌ടിച്ച്‌ ആയിരം വോട്ടിനു യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ. മുരളീധരന്‍ തോല്‍ക്കുമെന്നാണ്‌ ഇന്റലിജന്‍സ്‌ പ്രവചനം.

എന്‍.ഡി.എയുടെ കുമ്മനം രാജശേഖരനും എല്‍.ഡി.എഫിന്റെ സി. ദിവാകരനും ശക്‌തമായ പോരാട്ടം കാഴ്‌ചവച്ച തിരുവനന്തപുരത്ത്‌ കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും തരൂരിനു വെല്ലുവിളിയായിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ ഹൈക്കമാന്‍ഡ്‌ ഇടപെട്ട്‌ അദ്ദേഹത്തിനു പാര്‍ട്ടി പിന്തുണ ഉറപ്പാക്കി.

എ.ഐ.സി.സി. പ്രതിനിധി നാനാ പട്ടോളി നേരിട്ടെത്തിയാണു തരൂരിനു വേണ്ടി “രക്ഷാപ്രവര്‍ത്തനം” നടത്തിയത്‌. 1305 ബൂത്തുകളാണു തിരുവനന്തപുരം മണ്ഡലത്തിലുള്ളത്‌. ഏഴു നിയമസഭാമണ്ഡലങ്ങളില്‍ കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നിവിടങ്ങളില്‍ തരൂരിനു മികച്ച ഭൂരിപക്ഷമുണ്ടാകും. 6% ഹിന്ദുനാടാര്‍ സമുദായവും മുസ്ലിം, ക്രൈസ്‌തവ വിഭാഗങ്ങളുമാണു തരൂരിനു ജയമുറപ്പിക്കുകയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here