മുംബൈ (www.mediavisionnews.in) : ക്വാളിഫയര്‍ സാധ്യതകള്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സിനെതിരേ അവരുടെ തട്ടകത്തില്‍ നടന്ന മത്സരം മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചത്.
മുംബൈ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനുവേണ്ടി 43 പന്തില്‍ 89 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മുംബൈക്ക് ഒരവസരം പോലും നല്‍കിയില്ല. 14-ാം ഓവറില്‍ ബട്‌ലര്‍ പുറത്താകുമ്പോള്‍ 147-2 എന്ന സുരക്ഷിതസ്‌കോറിലായിരുന്നു രാജസ്ഥാന്‍. 17-ാം ഓവര്‍ വരെ ഇതേ മേല്‍ക്കൈ തുടരാന്‍ അവര്‍ക്കായി.
എന്നാല്‍ തുടര്‍ന്നുള്ള ഏഴു പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ വീണത് മുംബൈക്കു വിജയപ്രതീക്ഷ ഉണര്‍ത്തി. എന്നാല്‍ 19-ാം ഓവറിന്റെ അവസാന പന്തിലും അവസാന ഓവറിന്റെ ആദ്യ പന്തിലും വിട്ടുകളഞ്ഞ ക്യാച്ചുകള്‍ മുംബൈയുടെ വിധിയെഴുതി.
അവസാന ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെ മൂന്നാം പന്തില്‍ ബൗണ്ടറിയിലേക്ക് അടിച്ച് ശ്രേയസ് ഗോപാലാണ് രാജസ്ഥാന്റെ വിജയം ഉറപ്പിച്ചത്.
എട്ട് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതാണ് ബട്‌ലറിന്റെ ഇന്നിങ്‌സ്.
നേരത്തേ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന കാഴ്ചയായിരുന്നു മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ കണ്ടത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 187 റണ്‍സാണു നേടിയത്.
52 പന്തില്‍ 81 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ 32 പന്തില്‍ 47 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കത്തിക്കയറിയ ഹാര്‍ദിക് പാണ്ഡ്യയും (11 പന്തില്‍ 28) നിര്‍ണായകമായി.
രോഹിതും ഡി കോക്കും ചേര്‍ന്നുള്ള ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് 10.5 ഓവറില്‍ 96 റണ്‍സ് നേടി മികച്ച അടിത്തറയൊരുക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും ഡി കോക്ക് ഒരറ്റത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ഹെലികോപ്ടര്‍ ഷോട്ടടക്കം കളിച്ച പാണ്ഡ്യ മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു.
രാജസ്ഥാനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും ധവാല്‍ കുല്‍ക്കര്‍ണി, ജയദേവ് ഉനദ്കട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മുംബൈക്കുവേണ്ടി ക്രുണാള്‍ പാണ്ഡ്യ മൂന്ന് വിക്കറ്റും ബുംറ രണ്ട് വിക്കറ്റും നേടി.
ഏഴ് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാനിത് രണ്ടാം ജയം മാത്രമാണ്. അവരിപ്പോള്‍ ഏഴാം സ്ഥാനത്താണ്. അതേസമയം ഏഴ് മത്സരങ്ങളില്‍ നിന്ന് നാലു വിജയങ്ങളുള്ള മുംബൈ മൂന്നാം സ്ഥാനത്താണ്.