ടിക് ടോക് ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകും; നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്

0
496

ദില്ലി(www.mediavisionnews.in): ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇലക്ട്രോണിക്  ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക് ഭീമന്മാര്‍ക്കും നിര്‍ദേശം നല്‍കും. ടിക്ടോക് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി എന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് കേസില്‍ പെട്ടെന്ന് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത്. കേസ് ഏപ്രില്‍ 22ലേക്ക് മാറ്റി.  അതേ സമയം കേസില്‍ ഇടക്കാലവിധി പുറപ്പെടുവിച്ച ടിക് ടോക് നിരോധിക്കണം എന്ന ഹര്‍ജി മധുര ഹൈക്കോടതി ബെഞ്ച് വീണ്ടും പരിഗണിക്കും. 

മദ്രാസ് ഹൈക്കോടതി വിധിപ്രകാരം വിധി വന്നതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ആപ്പ് ഡൗണ്‍ലോ‍ഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കണം. എന്നാല്‍ ആപ്പ് ഉടമകള്‍ കോടതിയെ സമീപിച്ചതാണ് ഇത് വൈകാന്‍ കാരണം. വിധിക്ക് സ്റ്റേ അനുവദിക്കാത്തതിനാല്‍ ഉടന്‍ സര്‍ക്കാര്‍ ആപ്പ് നിരോധന നടപടികള്‍ തുടങ്ങുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഴ്ചയാണ്  ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി പറയുന്നത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നു. ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍  54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ്  ടിക് ടോക്കിനെതിരായ ഒരു ഹര്‍ജിയില്‍ ഉത്തരവിറക്കിയത്. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തുകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here