‘ജിഹാദിയുടെ വിത്ത്’; ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ അധിപേക്ഷിച്ച ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി

0
485

തിരുവനന്തപുരം(www.mediavisionnews.in): ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ ഡി.ജി.പിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്.

അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്നും വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞതായും ഫേസുബ്ക്കിലിട്ട കുറിപ്പില്‍ ശ്രീജിത്ത് പെരുമന പറഞ്ഞു.

കേരളം ഒറ്റക്കെട്ടായി നിന്നു സഹകരിച്ചു ആശുപത്രിയിലെത്തിച്ച കാസര്‍ഗോഡ് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെ ന്യൂനപക്ഷ ജിഹാദിയുടെ വിത്ത് എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ എന്നായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വാദമായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് വ്യക്തമാകുന്നത്.

ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ശബരിമല ആചാരസംരക്ഷണ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിനില്‍ നിരവധി വംശീയ വിരുദ്ധ കുറിപ്പുകളും ചിത്രങ്ങളും നേരത്തെയും പങ്കുവെച്ചിരുന്നു. ഷെയര്‍ ചെയ്ത പോസ്റ്റുകളില്‍ പ്രവീണ്‍ തൊഗാഡിയയുടെയും അഖില ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിന്റെയും ചിത്രങ്ങളും വീഡിയോകളുമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here