ബംഗളൂരു(www.mediavisionnews.in): കേരളത്തില്‍ ഭീകരാക്രമണമുണ്ടാവുമെന്ന സന്ദേശം വ്യാജമെന്ന ബംഗളൂരു പൊലീസ്. വ്യാജ സന്ദേശം അറിയിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് ബംഗളൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദര മൂര്‍ത്തിയാണ്. വിരമിച്ച സൈനികനാണ് സ്വാമി സുന്ദരമൂര്‍ത്തി. ഇദ്ദേഹത്തെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി മുതല്‍ പരിശോധന ശക്തമാക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ ആളുകൂടുന്ന ഇടങ്ങള്‍, ആശുപത്രികള്‍, ബസ്റെ സ്റ്റാന്റ് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.
ഇന്നലെ വൈകീട്ടാണ് കര്‍ണാടക പൊലീസിന് ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിക്കുന്നത്. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയിലുള്ള സന്ദേശത്തില്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നും ട്രെയിനുകളിലടക്കം സ്‌ഫോടനം നടത്തുമെന്നും അറിയിച്ചത്.
സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.ശ്രീലങ്കയിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ എട്ടിടങ്ങളില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഫിക് ജമാ അത്തിന്റെ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.