കുഞ്ഞാലിക്കുട്ടിയുടെ ‘മനംകവര്‍ന്ന കുട്ടികള്‍ക്ക്’ പ്രവാസികളുടെ സ്നേഹ സമ്മാനം

0
257

റിയാദ്(www.mediavisionnews.in) : മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ കുട്ടികള്‍ക്ക് സൗദിയില്‍ നിന്ന് സമ്മാനം. കെഎംസിസി പ്രവര്‍ത്തകരാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. നാല് പേര്‍ക്കും സൈക്കിള്‍ സമ്മാനിക്കുമെന്ന് മക്കയിലെ കെഎംസിസി പ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു.

മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന കുട്ടികളുടെ ചിത്രം കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മതിലിന്റെ ഏറ്റവും മുകളില്‍ പോസ്റ്ററൊട്ടിക്കാന്‍ ഒരാളുടെ പുറത്ത് കയറിനില്‍ക്കുന്ന ചിത്രമായിരുന്നു ഇത്.  കുഞ്ഞുമനസ്സുകളുടെ സമർപ്പണത്തോടെയുള്ള പ്രവർത്തനം കണ്ടപ്പോൾ ഏറെ ആഹ്ലാദവും അഭിമാനവും തോന്നിയെന്നും അദ്ദേഹം കുറിച്ചു. അവരെ ഹൃദയംതുറന്ന് അഭിനന്ദിക്കുന്നുവെന്നും  നേരിൽകാണാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെ മഞ്ചേരി മേലാക്കം ഈസ്റ്റ് കോഴിക്കോട്ടുകുന്നില്‍ നിന്നുള്ളവരാണ് കുട്ടികളെന്ന് കണ്ടെത്തി. മുനവ്വിര്‍, മിന്‍ഹാജ്, ഫാദില്‍, ഫാത്തിമ നിദ എന്നിവരായിരുന്നു ചിത്രത്തിലെ ‘കുട്ടി പ്രവര്‍ത്തകര്‍’.  ഇന്ന് കുഞ്ഞാലിക്കുട്ടി തന്നെ കുട്ടികള്‍ക്ക് നേരിട്ട് സമ്മാനങ്ങള്‍ കൈമാറി. അരാഷ്ട്രീയവാദം പുതു തലമുറയിൽ വർധിച്ചുവരുന്നുവെന്ന നിരീക്ഷണം കൂടുതൽ നടക്കുന്ന കാലത്താണ് ഇത്തരത്തിലുള്ള മാതൃകാ പ്രവർത്തനം എന്ന് മറക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് കെഎംസിസി പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here