തിരുവനന്തപുരം (www.mediavisionnews.in): കള്ളവോട്ട് പരാതികള്‍ ഗൗരവതരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് വസ്തുനിഷ്ടമായ റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ പറഞ്ഞു. കാസര്‍കോട് കലക്ടറുടെ റിപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നതായി ടിക്കാറാം മീണ വ്യക്തമാക്കി.
കണ്ണൂരിൽ വ്യാപകമായി കള്ളവോട്ടുകൾ നടന്നെന്ന കോൺഗ്രസിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തുൾപ്പെടെ വ്യാപകമായി കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു. കള്ളവോട്ടിനെ നിയമപരമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.
ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്ന തെളിയിക്കുന്ന വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചിരുന്നു. സിപിഐ നേതാവ് പോളിങ് ഏജന്റായി ഇരുന്ന ബൂത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്.
നാൽപത്തിയേഴാം നമ്പർ ബൂത്തായ കല്ലായി സ്കൂളിലെ 188 നമ്പർ വോട്ടറാണ് സായൂജ്. വോട്ട് ചെയ്യാൻ വന്നിരിക്കുന്നത് രാത്രി എട്ടുമണിക്ക് കുന്നിരിക്ക യുപി സ്കൂളിലെ അമ്പത്തിരണ്ടാം ബൂത്തിലും. വോട്ട് ചെയ്തതാകട്ടെ ഇവിടുത്തെ പോളിങ് ഏജന്റും മുൻ പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായ സുരേന്ദ്രൻ അത്തിക്കയുടെ മകൻ അഖിൽ അത്തിക്കയുടെ വോട്ടും. യുഡിഎഫ് ഏജന്റുമാർ എതിർത്തെങ്കിലും കള്ളവോട്ട് തടയാനായില്ല. ഇതേ സായൂജ് കുന്നിരിക്ക സ്കൂളിലെ 53–ാം നമ്പർ ബൂത്തിലും കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് ആരോപിക്കുന്നു.