തിരുവനന്തപുരം(www.mediavisionnews.in) : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 സീറ്റില്‍ വിജയിക്കുമെന്ന് എല്‍.ഡി.എഫ്. മലപ്പുറവും വയനാടും മാത്രമാണ് എല്‍.ഡി.എഫിന് നഷ്ടമാവുക. സി.പി.എം സെക്രട്ടറിയേറ്റിലാണ് വിജയപരാജയങ്ങള്‍ വിലയിരുത്തിയത്. പോളിങ് ശതമാനം കൂടിയത് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് പാളിച്ചകളുണ്ടായെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. വോട്ടെടുപ്പിലെ കാലതാമസം ഒഴിവാക്കാന്‍ കൂടുതല്‍ സജ്ജീകരണം ഏര്‍പ്പെടുത്തണമായിരുന്നു. 2004 ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള ബിജെപി അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
ഇടത് വോട്ടുകള്‍ ചിതറിപ്പോകാറുണ്ടായിരുന്നു . ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എന്‍എസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മാത്രമെ മത്സരിച്ചിട്ടുള്ളു. വയനാട്ടില്‍ മാത്രമെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായുള്ളു എന്നും കോടിയേരി പറഞ്ഞു. അഞ്ച് മണ്ഡലങ്ങളില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആക്ഷേപത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അത് മുന്‍കൂട്ടി തിരിച്ചറിഞ്ഞതിനാല്‍ വേണ്ട ജാഗ്രതയെടുക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
മത ന്യൂനപക്ഷങ്ങള്‍ ഇടത് മുന്നണിക്കനുകൂലമായാണ് ഏകീകരിച്ചത് .അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. മതേതര നിലപാടിനുള്ള സ്വീകാര്യതയാണ് അതെന്നും കോടിയേരി പറഞ്ഞു.