ദില്ലി(www.mediavisionnews.in): കുറഞ്ഞ കാലത്തിനിടെ ഓൺലൈൻ ലോകത്ത് ജനപ്രീതി നേടിയെടുത്ത ടിക് ടോകിന് ഇന്ത്യയിൽ നിരോധനം. ഇന്ത്യയിലെ സർക്കാരുകളും കോടതികളും ആവശ്യപ്പെട്ടതോടെ ടിക് ടോക് ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തു. കഴിഞ്ഞ ദിവസം തന്നെ ചൈനീസ് ടിക് ടോക് ആപ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തെന്നാണ് അറിയുന്നത്.
രാജ്യത്തു ഒന്നടങ്കം ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ വിധിയും വന്നിരുന്നു. ഈ വിധിക്ക് സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇതിനു പിന്നാലെയാണ് ടിക് ടോക് നീക്കം ചെയ്യാൻ തീരുമാനിച്ചതെന്നാണ് കരുതുന്നത്.
രാജ്യത്തിനു ഭീഷണിയായ ടിക് ടോക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയവും ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായിട്ടായിരിക്കാം ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു നീക്കിയതെന്നാണ് കരുതുന്നത്.
ചൈനീസ് ഷോർട് വിഡിയോ ആപ്ലിക്കേഷൻ ടിക് ടോക് അടിയന്തരമായി നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോടു മദ്രാസ് ഹൈക്കോടതിയാണ് ശക്തമായി ആവശ്യപ്പെട്ടത്. സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ആപ് നിരോധിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോകിലെ ആഭാസ വിഡിയോകൾ പ്രദർശിപ്പിക്കുന്നതിന് മാധ്യമങ്ങൾക്കും ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജസ്റ്റിസ് എൻ. കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. മധുര സ്വദേശിയും സാമൂഹികപ്രവർത്തകനുമായ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. രാജ്യത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനു ടിക് ടോക് കാരണമാകുന്നുണ്ടെന്നും ആപ്പിന് വിലക്കേർപ്പെടുത്തണം എന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
കുട്ടികളാണ് ടിക്ക് ടോക്ക് കൂടുതലായി ഉപയോഗിക്കുന്നതെന്നും ഇത്തരം വിഡിയോകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. അമേരിക്കയും ഇന്തൊനീഷ്യയും സ്വകാര്യത മുൻനിർത്തി ടിക് ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഈ രാജ്യങ്ങളെ ഇന്ത്യ മാതൃകയാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.