കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയതില്‍ അക്ഷരത്തെറ്റ് സംഭവിച്ചു എന്ന പേരിലാണ് സംഗതി വൈറലാവുന്നത്.
എന്നാല്‍ പുറം നാട്ടുകാര്‍ക്ക് മാത്രമാണ് ആ എഴുത്തില്‍ അക്ഷരത്തെറ്റ് കണ്ടെത്താന്‍ കഴിഞ്ഞത് എന്നതാണ് ആ വൈറല്‍ ചിത്രത്തിന് പിന്നിലെ മറ്റൊരു ട്വിസ്റ്റ്. രാജ് മോഹന്‍ ഉണ്ണിച്ചാക്ക് എന്ന ചുവരെഴുത്താണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചുവരെഴുത്തുകാരുടെ വിവരക്കേട് എന്നൊക്കെയായിരുന്നു ആളുകളുടെ കമന്റ്. എന്നാല്‍, അത് അക്ഷര തെറ്റും കൈയബദ്ധവുമൊന്നുമല്ലെന്നാണ് എഴുതിയവര്‍ക്ക് പറയാനുള്ളത്.
എഴുതിയത് ഉണ്ണിച്ചാക്ക് എന്നാണെങ്കിലും വായിക്കേണ്ടത് ഉണ്ണി ഇച്ചാക്ക് എന്നാണ്. തിരുവനന്തപുരത്തുകാരുടെ അണ്ണനും കോട്ടയത്തുകാരുടെ അച്ചായനും പോലെ കാസര്‍കോടുകാരുടെ സേനഹത്തോടെയുള്ള വിളിയാണ് ഈ ഇച്ച എന്നത്.മുതിര്‍ന്ന സഹോദരനെ വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ഇച്ച എന്നത്. ഇത് മറ്റ് സ്ഥലങ്ങളില്‍ ഇസ്‌ലാം വിഭാഗത്തില്‍പെട്ടവരാണ് ഉപയോഗിക്കുന്നതെങ്കിലും കാസര്‍ഗോഡ് അങ്ങനെയല്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറയുന്നത്. ഇതോടെ ഉണ്ണിച്ചാക്ക് കണ്ട് ചിരിച്ചവരെല്ലാം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ട് ഞെട്ടിയിരിക്കുകയാണ്.