അമേത്തിയില്‍ പിന്തുണ, തമിഴ്‌നാട്ടില്‍ സഖ്യം, കേരളത്തില്‍ എതിരാളി; രാഹുലിന്റെ സ്ഥാനാര്‍ത്ഥ്വത്തില്‍ പുലിവാല് പിടിച്ച് ഇടതുമുന്നണി

0
463

ന്യൂഡല്‍ഹി(www.mediavisionnews.in) : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് സിപിഐയും സിപിഎമ്മും. കോണ്‍ഗ്രസുമായി ഒരു ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ദേശീയ തലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് ഇരുപാര്‍ട്ടികള്‍ക്കും പാരായായിരിക്കുന്നത്.

യുപിയിലെ അമേത്തിയില്‍ രാഹുലിനെതിരെ സ്ഥാനാര്‍ത്ഥി വേണ്ടെന്ന് എസ്പിയും ബിഎസ്പിയും തീരുമാനിച്ചിരുന്നു. ബിജെപിക്കെതിരെ ഇവിടെ രാഹുലിനെ പിന്തുണയ്ക്കാനാണ് അവരുടെ തീരുമാനം. അതേ സമീപനമാണ് സിപിഐയും യുപിയില്‍ സ്വീകരിച്ചിരിക്കുന്നത്. അമേത്തിയില്‍ രാഹുലിനെ പിന്തുണയ്ക്കുന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷന്റെ വിജയമാണ് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് വ്യക്തം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം സഹിതമാണ് തമിഴ്നാട്ടില്‍ സിപിഎമ്മിന്റെ വോട്ട് പിടുത്തം. ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാണ് തമിഴ്‌നാട്ടില്‍ സിപിഎം. മധുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സിപിഎമ്മിന്റെ എസ് വെങ്കടേശന്റെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയുടെയും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെയും മറ്റ് സഖ്യകക്ഷി നേതാക്കളുടേയും ചിത്രങ്ങളുണ്ട്. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയോ മറ്റ് ദേശീയ നേതാക്കളുടെയോ ചിത്രങ്ങള്‍ പോസ്റ്ററില്ല. മുന്നണി സംവിധാനത്തില്‍ ഘടകകക്ഷി നേതാക്കളുടെ ചിത്രം പോസ്റ്ററില്‍ വരുന്നത് സ്വഭാവികമാണെന്ന് സിപിഎം വിശദീകരിക്കുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ഡിഎംകെ എന്നിവര്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടിലെ മതനിരപേക്ഷ പുരോഗമന സഖ്യം.

അതേസമയം കേരളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് മത്സരിക്കേണ്ടത് സിപിഎമ്മിനും സിപിഐയ്ക്കും വിശദീകരിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സിപിഐയുടെ സുനീറാണ് രാഹുലിനെതിരെ വയനാട്ടില്‍ മത്സരിക്കുന്നത്. പ്രത്യേകിച്ച് ന്യായീകരണം പറയാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ഇടതുമുന്നണി. ഇതോടെ കോണ്‍ഗ്രസിനെ ഒഴിവാക്കി മതനിരപേക്ഷ സഖ്യത്തിന് ദേശീയ തലത്തില്‍ ശ്രമിക്കുമെന്ന് സിപിഎം, സിപിഐ നേതാക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തമിഴ് നാട്ടിലെ സഖ്യം ഒഴിവാക്കുന്നതിന് വിമുഖത എന്തു കൊണ്ടെന്ന് ചോദ്യത്തിന് മുന്നില്‍ നേതാക്കള്‍ മൗനം പാലിക്കുന്നു. അമേത്തിയിലെ പിന്തുണയുടെ കാര്യത്തിലും നേതാക്കള്‍ നിശബ്ദത പാലിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here