ശ്രീലങ്കയിലെ ഭീകരാക്രമണം: തിരിച്ചടി ഭീഷണിയില്‍ മുസ്ലിം സമൂഹം

0
638

കൊളംബോ(www.mediavisionnews.in): ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ മുസ്ലിം സമൂഹം ഭീതിയില്‍. നിരവധി കുടുംബങ്ങള്‍ പലായനം ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിങ്ങള്‍ക്കെതിരെ വ്യാപക ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തെ ശ്രീലങ്കയിലെ മുസ്ലിം സമൂഹം അപലപിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ജനത്തോട് ആഹ്വാനം ചെയ്തു. ഭീകരാക്രമണത്തില്‍ എല്ലാവരെയും പോലെ മുസ്ലിങ്ങളും അസ്വസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹം ഭീതിയിലാണ് കഴിയുന്നതെന്നും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുസ്ലിം കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഹില്‍മി അഹമ്മദ് പറഞ്ഞു. നാഷണല്‍ തൗഹീദ് ജമാഅത്ത് സംഘടന അപകടകരമാണെന്ന് നേരത്തെ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അവരുടെ നേതാവ് സഹ്റാന്‍ ഹാഷിം അറിയപ്പെടുന്ന തീവ്രവാദ ചിന്താഗതിക്കാരനാണെന്നും നേതാക്കള്‍ പറഞ്ഞു. 

ഭീകരാക്രമണത്തിന് ശേഷം ചിലര്‍ ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്. ഏത് നിമിഷവും ആക്രമണമുണ്ടാകാം. ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല. ഇവിടെ ജനിച്ചു വളര്‍ന്നവരാണ്. ഇതാണ് ഞങ്ങളുടെ രാജ്യമെന്നും സമുദായ നേതാക്കള്‍ പറയുന്നു. 2.10 കോടിയാണ് ശ്രീലങ്കയിലെ ജനസംഖ്യ. ഇതില്‍ 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ജനസംഖ്യയുടെ 10 ശതമാനമാണ് മുസ്ലിങ്ങള്‍. ഹിന്ദു മതം കഴിഞ്ഞാല്‍ ഏറ്റവും വലിയ ന്യൂനപക്ഷം മുസ്ലിങ്ങളാണ്. 

എല്‍ടിടിഇയുമായുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അക്രമം വര്‍ധിച്ചിരുന്നു. 2013, 2018 വര്‍ഷങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ തീവ്ര ബുദ്ധമത വിശ്വാസികള്‍ ചിലയിടങ്ങളില്‍ കലാപം അഴിച്ചുവിടുകയും മുസ്ലിങ്ങളുടെ സ്ഥാപനങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. മുസ്ലിങ്ങള്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ വന്ധ്യതക്ക് കാരണമാകുന്നുവെന്ന വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here