വിവാഹ നിശ്ചയത്തിന് പോയി മടങ്ങവെ അപകടം: പ്രതിശ്രുതവരന്‍ ഉള്‍പ്പടെ 3 പേര്‍ മരിച്ചു

0
216

കണിച്ചുകുളങ്ങര(www.mediavisionnews.in): ദേശീയ പാതയില്‍ ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പ്രതിശ്രുതവരന്‍ വിനീഷ് (25), വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന (55) പ്രസന്നയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍ (38),  എന്നിവരാണ് മരിച്ചത്. പൂവാറില്‍  വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മങ്ങുകയായിരുന്നു ടെമ്പോ ട്രാവലറിലുള്ള സംഘം. മൂന്നു കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജങ്ഷനില്‍ കാണിക്കവഞ്ചിക്ക് മുന്നിലാണ് അപകടം. 

വിവാഹ നിശ്ചയം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റുമായിട്ടാണ് ഇടിച്ചത്. മുന്നില്‍പോയ ഒരു വാഹനത്തെ മറികടന്ന വാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വരുന്നത് കണ്ട്  റോഡിന്റെ വലത് വശത്തേക്ക് വെട്ടിക്കുകയായിരുന്നു. വാനിന്റെ പിന്നില്‍ ഇടത് ഭാഗത്താണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ തകര്‍ന്നു.

പരിക്കേറ്റവരെ മാരാരിക്കുളം പോലീസും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിയടര്‍ന്ന് ഒരുവശത്തേക്ക് മറിഞ്ഞ ടെമ്പോ ട്രാവലറില്‍നിന്ന് വളരെ കഷ്ടപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്. 

ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ വാഹനങ്ങളിലെത്തിയവരുംകൂടി ചേര്‍ന്നാണ് വാനിന്റെ ഭാഗങ്ങള്‍ പൊളിച്ച് എല്ലാവരെയും പുറത്തെടുത്തത്. മൂന്നുപേര്‍ സംഭവസ്ഥത്തുതന്നെ മരിച്ചിരുന്നു. 

നടുക്കം വിട്ടുമാറാതെ സനീഷ്

കണിച്ചുകുളങ്ങര: കണ്‍മുമ്പില്‍ കണ്ട അപകടത്തിന്റെ നടുക്കം വിട്ടുമാറാതെയാണ് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ കദളിക്കാട്ടില്‍ സനീഷ് തൃശ്ശൂരിലേക്കുള്ള തന്റെ തുടര്‍യാത്ര നടത്തിയത്. തിരുവനന്തപുരത്തെ ജോലിസ്ഥലത്തുനിന്ന് തന്റെ കാറില്‍ ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്നു സനീഷ്. സനീഷ് ഓടിച്ചിരുന്ന കാറിന്റെ മുമ്പിലാണ് ടെമ്പോ ട്രാവലര്‍ ഉണ്ടായിരുന്നത്. 

രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിരുന്നതിനാല്‍ അധികവാഹനങ്ങളൊന്നും റോഡില്‍ ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് തൊട്ടുമുന്നിലെ അപകടം സനീഷ് കണുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന് അല്പം വളഞ്ഞുവന്ന കെ.എസ്.ആര്‍.ടി.സി.ബസ് അതിശക്തിയായി ടെമ്പോ ട്രാവലറിന്റെ വശത്തായി ഇടിക്കുകയായിരുന്നു.

സനീഷ് ഉള്‍പ്പെടെയുള്ളവര്‍ പെട്ടന്ന് വണ്ടിനിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ട്രാവലറിനുള്ളില്‍ കുടുങ്ങിയവരെ വളരെ പണിപ്പെട്ടാണ് പുറത്തെത്തിച്ചതെന്ന് സനീഷ് പറയുന്നു. അപ്പോഴേക്കും ഇടിയുടെ ശബ്ദംകേട്ട് നാട്ടുകാരും ഓടിയെത്തി. ഇരുവശങ്ങളില്‍നിന്ന്  വാഹനത്തില്‍ വന്നവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നതായി സനീഷ് പറയുന്നു. മൂന്ന് ആംബുലന്‍സുകളെത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here