തിരുവനന്തപുരം(www.mediavisionnews.in): വയനാട്ടിലും എറണാകുളത്തും സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സോളാര്‍ വിവാദ നായിക സരിത എസ്. നായരുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സരിത രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് കഴിഞ്ഞദിവസം സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതിന്മേല്‍ അപ്പീല്‍ പോയിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയെ പ്രതിനിധാനംചെയ്തെത്തിയ അഭിഭാഷകന്‍ മറുപടി നല്‍കി. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാന്‍ സമയം അനുവദിച്ചു. കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതിനാലും വിശദപരിശോധനയ്ക്കുമായി പത്രിക വീണ്ടും പരിശോധിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം തള്ളിയത്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചാലക്കുടി, എറണാകുളം മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരില്‍ സരിതയ്ക്ക് പുറമെ ഒരാളുടെ കൂടി പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. എറണാകുളത്തുനിന്നു മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി സജീവന്റെ പത്രികയാണ് തള്ളിയത്. മുഖ്യസ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചതോടെ ചാലക്കുടിയിലെ ഡമ്മി സ്ഥാനാര്‍ത്ഥികളായ പി.ജെ.ജോയ്, യു.പി.ജോസഫ് എന്നിവരുടെയും എറണാകുളത്തെ യേശുദാസിന്റെയും പത്രികകള്‍ നിരസിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളായ ചാലക്കുടിയിലെ ലത്തീഫ് സി.എം, എറണാകുളത്തെ ഷമീര്‍ പി.എ. എന്നിവര്‍ പത്രിക പിന്‍വലിച്ചു. ചാലക്കുടിയില്‍ പതിമൂന്നും എറണാകുളത്ത് പതിനാലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ അംഗീകരിച്ചു.