വടകര(www.mediavisionnews.in): വടകര ലോക്‌സഭാ മന്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ വ്യാപക സംഘര്‍ഷം. കൊട്ടിക്കലാശത്തിനായി സംഘടിച്ച എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. പലയിടത്തും എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷം ഒഴിവാക്കാന്‍ കേന്ദ്ര സേന ഇരുവിഭാഗത്തിനും മധ്യത്തില്‍ നിലയുറപ്പിച്ചു. വടകരയിലെ പലയിടത്തും സംഘര്‍ഷം വ്യാപിച്ചതോടെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര സേന വൈകിട്ട് റൂട്ട് മാര്‍ച്ച് നടത്തും
സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ല. പൊതുപരിപാടികളും പ്രകടനങ്ങളും പാടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നു വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവായിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍, ഫ്ളെയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വലന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.