റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് റഷ്യയില്‍ നിന്ന് വരെ ഇ.വി.എം നിയന്ത്രിക്കാം; ആരോപണവുമായി ചന്ദ്രബാബു നായിഡു

0
494

ഹൈദരാബാദ് (www.mediavisionnews.in):  ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഉപകരണമാണെന്ന ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

റഷ്യയില്‍ നിന്ന് വരെ വേണമെങ്കില്‍ ഇ.വി.എം നിയന്ത്രിക്കാം. ഒട്ടും വിശ്വാസ്യതയില്ലാത്ത ഉപകരമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍. ഒരിക്കലും തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എം ഉപയോഗിക്കാന്‍ പാടില്ലെന്നും വിദേശരാജ്യങ്ങളെല്ലാം തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഓഡിറ്റിനുള്ള സാധ്യത അതിനില്ല എന്നത് തന്നെയാണ് പ്രധാന കാരണം. മറ്റൊരു കാര്യം ഇതിനെ കൃത്യമായി നിയന്ത്രിക്കാന്‍ കഴിയില്ലെന്നതാണ്. തെലങ്കാനായില്‍ മാത്രം 25 ലക്ഷം വോട്ടര്‍മാരുടെ പേര് ഓണ്‍ലൈനില്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്- ചന്ദ്രബാബു നായിഡു പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ രാജ്യവ്യാപകമായി ഇ.വി.എം മെഷീനുകളില്‍ തകരാര്‍ സംഭവിച്ചതിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വോട്ടെടുപ്പിനിടെ ഇന്ന് കേരളത്തിലും യു.പിയിലും ബീഹാറിലും ഗോവയിലും യന്ത്രത്തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് യന്ത്രത്തകരാര്‍ സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നത്.

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയ്ക്ക് പോയെന്നായിരുന്നു യു.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നത്. ചേര്‍ത്തലയില്‍ മോക്ക് പോളിനിടെ വോട്ട് രേഖപ്പെടുത്തുന്നത് ബി.ജെ.പിയ്ക്കാണെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചിരുന്നത്.

ഗോവയില്‍ മോക്ക് പോളിനിടെ ആറ് വോട്ട് കിട്ടേണ്ട സ്ഥാനത്ത് ബി.ജെ.പിയ്ക്ക് 17 വോട്ടുകള്‍ കിട്ടിയതായി ഗോവ എ.എ.പി കണ്‍വീനര്‍ എല്‍വിസ് ഗോമസ് ട്വീറ്റ് ചെയ്തിരുന്നു.

ഇ.വി.എമ്മുകള്‍ തകരാറിലാവുകയോ ബി.ജെ.പിയ്ക്ക് മാത്രം വോട്ടമരുകയോ ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും യു.പിയില്‍ 350 ലേറെ സ്ഥലങ്ങളില്‍ മെഷീനുകള്‍ മാറ്റേണ്ടി വന്നതായും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here