തിരുവനന്തപുരം (www.mediavisionnews.in) തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി പതിനാറ്, പതിനേഴ് ദിവസങ്ങളില്‍ കേരളത്തില്‍. പതിനാറിന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി പാലക്കാട് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ അടുത്തദിവസം പൂര്‍ണമായും ജനവിധി തേടുന്ന വയനാട് മണ്ഡലത്തിലുണ്ടാകും.
വയനാട്ടില്‍ ഒരുദിവസം പൂര്‍ണായി ചിലവഴിക്കണമെന്ന്് രാഹുല്‍ ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പതിനാറിന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ശശി തരൂരിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് പത്തനംതിട്ടയിലെയും ഇടുക്കിയിലെയും പാലക്കാട്ടെയും സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിക്കും. പൊതുപരിപാടികള്‍ നടത്താനാണ് എസ്.പി.ജി അനുമതി നല്‍കിയിരിക്കുന്നത്.
പതിനാറിന് വൈകീട്ട് വയനാട്ടിലേക്ക് തിരിക്കുന്ന രാഹുല്‍ കല്‍പറ്റയിലായിരിക്കും താമസമെന്നാണ് സൂചന. എന്നാല്‍ മാവോയിസ്റ്റ് ഭീഷണികള്‍ കണക്കിലെടുത്ത് ഇതുവരെ എസ്.പി.ജി. അനുമതി നല്‍കിയിട്ടില്ല. വണ്ടൂരിലും നിലമ്പൂരിലും റോഡ് ഷോ നടത്തും. എസ്.പി.ജിയുടെ എതിര്‍പ്പ് കണക്കിലെടുത്ത് മാനന്തവാടിയിലെ റോഡ് ഷോ പൊതുപരിപാടിയാക്കി മാറ്റി. രാഹുല്‍ മടങ്ങിയതിനു ശേഷം മറ്റൊരു ദിവസം പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടില്‍ എത്തുമെന്നും കെ.പി.സി.സി. പ്രസിഡന്റ് നേതൃത്വം നല്‍കുന്ന പ്രചാരണ കമ്മിറ്റിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയെയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും വയനാട്ടിലെത്തിക്കാനുള്ള കെ.പി.സി.സി ശ്രമം വിജയിച്ചേക്കില്ല. ആരോഗ്യപ്രശ്നങ്ങളാല്‍ ഇരുവരും കേരളത്തിലെ നേതാക്കളുടെ ആവശ്യം നിരസിച്ചെന്നാണ് സൂചന.