കൊച്ചി (www.mediavisionnews.in) വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ അണികളെല്ലാം ആവേശത്തില്‍ മുഴുകിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ പതാകകള്‍ വീശിയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചതെന്നാണ് സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും സംഘപരിവാര്‍ സംഘടനയായ പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയുടെ ആരോപണം. മുസ്ലീം ലീഗിന്റെ സന്തോഷപ്രകടനത്തിന്റെ വീഡിയോ ആണ് പാകിസ്ഥാന്‍ പതാക വീശിയുള്ള പ്രകടനം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രേരണാകുമാരി ട്വീറ്റ് ചെയ്തത്.
മുസ്ലീം ലീഗിന്റെ പ്രകടനദൃശ്യങ്ങള്‍ ‘ഞെട്ടിപ്പിക്കുന്നത്’ എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രേരണാകുമാരി ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് എന്തിനാണ് വയനാട് തെരഞ്ഞെടുത്തത് എന്നിപ്പോള്‍ മനസിലായില്ലേ എന്നും പ്രേരണാ കുമാരി ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. പാകിസ്ഥാന്‍ പതാക വീശിയാണ് മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ് ആഘോഷിക്കുന്നതെന്നും അവര്‍ പറയുന്നു.
പാകിസ്ഥാന്‍ പതാക വീശിയുള്ള പ്രകടനം എന്ന് തെറ്റിദ്ധരിച്ച് പ്രേരണാകുമാരിയുടെ ട്വീറ്റ് നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. അതേസമയം, പ്രകടനത്തില്‍ വീശുന്നത് പാകിസ്ഥാന്റെ പതാകയല്ലെന്നും മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടേതാണെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിച്ചെങ്കിലും പ്രേരണാകുമാരി അതിനോടൊന്നും പ്രതികരിച്ചിട്ടുമില്ല.