ഉപ്പള(www.mediavisionnews.in): ന്യൂനമർദ്ദം ശക്തി പ്രാപിച്ചതിനെ തുടർന്ന് മൂസോടി കടപ്പുറവും കടലാക്രമണ ഭീഷണി നേരിടുന്നു. ഇതിനെ തുടർന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ വൈകിട്ട് നാല് മുതലാണ് മൂസോടി കടപ്പുറത്തു ശക്തമായ കടലാക്രമണ ഭീഷണി അനുഭവപ്പെട്ടത്. സമീപവാസികളായ അബ്ബാസ്, മുഹമ്മദ് ഹനീഫ്, അബ്ദുല്ല എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്. മൂസ, മറിയുമ്മ, ബീഫാത്തിമ്മ, ആസ്യമ്മ എന്നിവരുടെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. സമീപത്ത് ഒരു പള്ളിയുമുണ്ട്. ശക്തമായ തിരമാലകളാണ് ഇന്നലെ വൈകിട്ട് മുതൽ മൂസോടി കടപ്പുറത്തുണ്ടായത്. ഇതേ തുടർന്ന് കരയുടെ ഒരു ഭാഗം കടലെടുക്കുകയും ചെയ്തു. മൂസോടി കടപ്പുറത്ത് നേരത്തേയുണ്ടായ കടലാക്രമണത്തിൽ നിരവധി വീടുകൾ നഷ്ടപ്പെടുകയും ഒട്ടേറെ നാശ നഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.