കാസര്‍കോട്(www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. കേസ് ഹൈക്കോടതി അടുത്തമാസം 24 ന് മാത്രമേ പരിഗണിക്കൂവെന്നതിനാല്‍ അനിശ്ചിതത്വം നീണ്ടുപോകുമെന്നുറപ്പായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത് 24ലേക്ക് മാറ്റിയത്.
കഴിഞ്ഞ മഞ്ചേശ്വരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി ബി അബ്ദുല്‍ റസാഖിന്റെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയാണ് ചില തടസങ്ങള്‍ കാരണം തീര്‍പ്പാക്കാതെ കിടക്കുന്നത്. നേരിയ ഭൂരിപക്ഷത്തിനാണ് അബ്ദുല്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചിരുന്നത്.
കള്ളവോട്ടിലൂടെയാണ് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയമെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. നിയമയുദ്ധം മുറുകുന്നതിനിടെ പി ബി അബ്ദുല്‍ റസാഖ് അന്തരിച്ചതോടെ ഈ കേസിന്റെ പ്രസക്തിയും നഷ്ടമായി തുടങ്ങുകയായിരുന്നു. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാണെങ്കിലും കേസില്‍ അന്തിമ തീരുമാനം ഉണ്ടാവാത്തത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്. കേസില്‍ നിന്ന് പിന്‍മാറുന്നതായി കെ സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനിയും താമസമുണ്ടാകും.