പെരിയ ഇരട്ടക്കൊല: തെളിവ് നശിപ്പിച്ച സിപിഎം നേതാവിനെ ചോദ്യം ചെയ്യാതെ അന്വേഷണസംഘം

0
654

കാസര്‍ഗോഡ്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന സിപിഎം നേതാവിനെ ഇതുവരേയും ചോദ്യം ചെയ്യാതെ അന്വേഷണ സംഘം. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനെയാണ് നിര്‍ണായക മൊഴികളുണ്ടായിട്ടും അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ മടിക്കുന്നത്. ഉദുമ ഏരിയ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് പ്രതികൾ തെളിവുകൾ നശിപ്പിച്ചതെന്ന് ഹൈക്കോടതിയിൽ കഴിഞ ദിവസം ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഏരിയാ സെക്രട്ടറിയുടെ പങ്കാളിത്തം വ്യക്തമായിട്ടും മൊഴി രേഖപ്പെടുത്താൻ പോലും അന്വേഷണ സംഘം തയ്യാറായില്ല.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തെ എതിർത്ത് ക്രൈം ബ്രാഞ്ച് നൽകിയ സത്യവാങ്മൂലത്തിലാണ് ഏരിയാ സെക്രട്ടറിയുടെ പങ്ക് വ്യക്തമാക്കുന്നത്. ഫെബ്രുവരി 17 ന് രാത്രി കൃത്യം നടത്തിയതിന് ശേഷം പ്രതികൾ വെളുത്തോളിയിൽ സംഗമിച്ചു. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനും ഇവിടെ എത്തിയിരുന്നു. 

ഇവിടെ വച്ചാണ് വെട്ടേറ്റ ശരതും കൃപേഷും കൊല്ലപ്പെട്ടെന്ന് സംഘം അറിയുന്നത്. ഇതോടെ മണികണ്ഠൻ ആരെയോ വിളിച്ച് ഉപദേശം തേടി, പ്രതികളോട് വസ്ത്രം മാറാനും ആയുധങ്ങൾ ഒളിപ്പിക്കാനും ആവശ്യപ്പെട്ടു. പിന്നീട് വസ്ത്രങ്ങൾ കത്തിച്ചു. പ്രതികളിൽ ചിലരെ ഉദുമയിലെ പാർട്ടി ഓഫീസിൽ ഒളിവിൽ താമസിപ്പിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് വ്യക്തമായി പറയുമ്പോഴും മണികണ്ഠനെ ഇതുവരേയും ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാർത്യം. 

മണികണ്ഠന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും പ്രതികൾ വിളിച്ചതിനെ തുടർന്നാണ് സഹായം നൽകിയതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. അതേ സമയം എന്ത് അടിസ്ഥാനത്തിലാണ് തന്റെ പേര് സത്യവാങ്മൂലത്തിൽ വന്നതെന്ന് അറിയില്ലെന്നാണ് മണികണ്ഠന്‍റെ പ്രതികരണം. തന്നെ ഇതുവരെ ആരും ചേദ്യം ചെയ്തിട്ടില്ല. മൊഴിയും എടുത്തിട്ടില്ല. പിന്നെ എങ്ങനെ തന്റെ പേര് വന്നു എന്ന കാര്യം അന്വേഷിച്ച് കണ്ടെത്തി വേണ്ട നടപടി എടുക്കുമെന്ന് മണി കണ്ഠൻ വ്യക്തമാക്കി. 

പുതിയ സാഹചര്യത്തിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണ് കോൺഗ്രസിന്റെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടേയും നീക്കം. നേരത്തെ പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങൾ മാറിയതും പിന്നീട് കത്തിച്ചതും മണികണ്ഠന്റെ നിർദേശ പ്രകാരമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here