തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ചൂട് വീണ്ടും കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ വയനാട് ഒഴികെയുള്ള 13 ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയും നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതുകയും വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വേനല്‍ച്ചൂട് കനത്തതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. കനത്ത ചൂടിനെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ സമയം പുനഃക്രമീകരിച്ചതായി തൊഴില്‍ വകുപ്പ് അറിയിച്ചിരുന്നു. ചൂട് കൂടുന്ന സാഹചര്യത്തില്‍ വിദ്യാലങ്ങള്‍ അവധിക്കാല ക്ലാസ് നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പും നിര്‍ദേശം നല്‍കിയിരുന്നു.