മഞ്ചേശ്വരം (www.mediavisionnews.in): ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് എ.എസ്.പി ശില്‍പയുടെ മേല്‍നോട്ടത്തില്‍ കുമ്പള എസ്.ഐ. ആര്‍.സി ബിജുവും, മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രനുമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കണ്ടെത്തുന്നതിനു വേണ്ടി അഞ്ചംഗസ്‌ക്വാഡിന് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.
കണ്ടാലറിയാവുന്ന രണ്ടുപേരടക്കം മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ഗ്രൗണ്ടില്‍ വിശ്രമിക്കുകയായിരുന്ന മൂന്ന് ജര്‍മ്മന്‍ ടൂറിസ്റ്റുകളെ മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗസംഘം അക്രമിക്കുകയും 8,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയുമായിരുന്നു.
കേരളം കാണാനായി ഡല്‍ഹിയില്‍ നിന്നും വന്നതായിരുന്നു വിദേശികള്‍. വിവരമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ ഹൈവേ പൊലീസ് സംഭവസ്ഥലത്ത് ഉപേക്ഷിച്ച ഒരു സ്‌കൂട്ടറും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും കസ്റ്റഡിയിലെടുക്കുകയും മഞ്ചേശ്വരം പൊലീസിന് കൈമാറുകയും ചെയ്തു. അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായ ജര്‍മ്മന്‍ ടൂറിസ്റ്റുകള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കര്‍ണാടകയിലെ ബണ്ട്വാളിലുണ്ടെന്ന് സൂചന ലഭിച്ചു.
തിരിച്ചറിഞ്ഞ മൂന്ന് പ്രതികളുടെ വീടുകളില്‍ പൊലീസ് രാവിലെ തന്നെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.