കൊച്ചി(www.mediavisionnews.in): കേരളത്തില്‍ പുതുവത്സരദിനത്തില്‍ ചാവേറാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കര്‍. അഫ്ഗാനിസ്താനില്‍ നിന്നും സിറിയയില്‍ നിന്നുമാണു നിര്‍ദേശം ലഭിച്ചതെന്നും കേരളത്തില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരുടേതായിരുന്നു നിര്‍ദേശമെന്നും റിയാസ് മൊഴി നല്‍കി.
കൊച്ചിയടക്കമുള്ള നഗരങ്ങളെ ലക്ഷ്യംവെച്ചെങ്കിലും ഒപ്പമുള്ളവര്‍ പിന്തുണച്ചില്ലെന്നും റിയാസ് പറഞ്ഞു. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഒപ്പമുള്ളവര്‍ എതിര്‍ത്തെങ്കിലും താന്‍ ഇതിനുവേണ്ട കാര്യങ്ങള്‍ ഒരുക്കിവരികയായിരുന്നുവെന്നും റിയാസ് പറഞ്ഞു. എന്നാല്‍ ഇതിനിടെയാണ് ഇയാള്‍ എന്‍.ഐ.എയുടെ പിടിയിലാകുന്നത്.
ഇയാളെ ഇന്നു കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. റിയാസിനെയും കാസര്‍കോട്ട് സ്വദേശികളായ രണ്ടുപേരെയും ചോദ്യംചെയ്തുവരികയാണ്.
ഇന്നലെ രാത്രി എന്‍.ഐ.എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പാലക്കാട് സ്വദേശിയായ റിയാസിന് ഭീകരരുമായി ബന്ധമുണ്ടെന്നു വ്യക്തമാക്കിയിരുന്നു.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുമായി ഇവര്‍ക്കു നേരിട്ടു ബന്ധമില്ലെന്നും എന്‍.ഐ.എ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നു സിറിയയിലേക്കും അഫ്ഗാനിലേക്കും ആളുകള്‍ പോയതുമായി ഇവര്‍ക്കു ബന്ധമുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരാണ് റിയാസും കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖും അഹമ്മദ് അറാഫത്തും.