കെ സുരേന്ദ്രന്റെ പേരിലുള്ള 240 കേസുകളുടെ വിവരങ്ങള്‍ നാല് മുഴുവന്‍ പേജുകളില്‍ പ്രസിദ്ധീകരിച്ച് ജന്മഭൂമി; വധശ്രമം, കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും കേസുകള്‍

0
464

പത്തനംതിട്ട(www.mediavisionnews.in): തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പിനു പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തി തുടങ്ങി. വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ബി.ജെ.പി സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി, പത്തനംതിട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ എന്നിവര്‍ കേസ് വിവരം സംബന്ധിച്ച പത്ര പരസ്യം നല്‍കി.

രാഹുലിനെതിരെ അഞ്ച് കേസുകളാണ് ഉള്ളത്. ഇതില്‍ രണ്ട് കേസുകള്‍ തീര്‍പ്പ് കല്‍പ്പിച്ചു. അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് എതിരെയാണ് രാഹുലിനെതിരെയുള്ള അഞ്ച് കേസുകളും. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആറ് കേസുകളാണ് ഉള്ളത്. ആറ് കേസുകളിലും നിലവില്‍ അന്വേഷണം നടക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം കേസുള്ള സ്ഥാനാര്‍ത്ഥികളിലൊരാള്‍ കെ.സുരേന്ദ്രനാണ്. 240 കേസ് വിവരങ്ങളാണ് സുരേന്ദ്രന്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

ബിജെപിയുടെ മുഖപത്രമായ ജന്‍മഭൂമിയുടെ നാല് മുഴുവന്‍ പേജുകളിലായാണ് കെ സുരേന്ദ്രന്റെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന് അക്രമം നടത്തല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി നിരവധി വകുപ്പുകളിലായാണ് കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകള്‍.

ഇവയില്‍ മിക്കതും ശബരിമല സമരകാലത്ത് എടുത്തവയാണ്. കൊല്ലം ജില്ലയില്‍ മാത്രം കെ സുരേന്ദ്രന്റെ പേരില്‍ 68 കേസുകളുണ്ട്. തിരുവനന്തപുരം 3, കൊല്ലം 68, പത്തനംതിട്ട 30, ആലപ്പുഴ 56, കോട്ടയം 8, ഇടുക്കി 17, എറണാകുളം 13, തൃശ്ശൂര്‍ 6, കോഴിക്കോട് 2, മലപ്പുറം 1, വയനാട് 1, കണ്ണൂര്‍ 1, കാസര്‍കോട് 33 എന്നിങ്ങനെയാണ് സുരേന്ദ്രന്റെ പേരിലുള്ള കേസുകളുടെ എണ്ണം. മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണ്.

ജില്ലാ വരണാധികാരി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും ഒരു പത്രത്തില്‍ മൂന്ന് തവണയോ മൂന്ന് പത്രങ്ങളില്‍ ഓരോ തവണ വീതമോ സ്ഥാനാര്‍ത്ഥികളുടെ പേരിലുള്ള കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. സുരേന്ദ്രന്റെ പേരില്‍ 240 കേസുകള്‍ ഉള്ളതുകൊണ്ട് അവയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പത്രത്തിന്റെ നാല് മുഴുവന്‍ പേജുകള്‍ വേണ്ടിവന്നു.

ശരാശരി പ്രചാരമുള്ള പത്രത്തില്‍ ഒരു തവണ പരസ്യം നല്‍കാന്‍ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. മൂന്ന് തവണ പരസ്യം നല്‍കാന്‍ 60 ലക്ഷം രൂപ വേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഒരു സ്ഥാനാര്‍ത്ഥിക്ക് നിയമപരമായി ചെലവഴിക്കാനാകുന്നത് 75 ലക്ഷം രൂപയാണ്. അതായത് കണക്കുകള്‍ പ്രകാരം 15 ലക്ഷം രൂപയേ സുരേന്ദ്രന് പ്രചാരണ ചെലവുകള്‍ക്കായി ഉപയോഗിക്കാനാകൂ.

ഇത് ലംഘിക്കുന്നതായി കണ്ടാല്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായി പരാതികള്‍ ഉയര്‍ന്നേക്കും. കേസുകള്‍ പരസ്യപ്പെടുത്താനുള്ള ചെലവ് തെരഞ്ഞെടുപ്പ് ചെലവുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

ഇത് കൂടാതെ പ്രചാരമുള്ള ടിവി ചാനലുകളിലും കേസ് വിവരങ്ങള്‍ കാട്ടി പരസ്യം നല്‍കേണ്ടതുണ്ട്. രാവിലെ എട്ടിനും രാത്രി പത്ത് മണിക്കുമിടയില്‍ കൃത്യമായി മനസിലാകുന്ന തരത്തില്‍ കുറഞ്ഞത് ഏഴ് സെക്കന്റെങ്കിലും നീണ്ടുനില്‍ക്കുന്ന ടെലിവിഷന്‍ പരസ്യം നല്‍കണം എന്നാണ് നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 500 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here