തിരുവനന്തപുരം(www.mediavisionnews.in): കാസർകോട് ഉദുമ മണ്ഡലത്തിൽ വിദേശത്തുള്ളവരുടെ കള്ളവോട്ട് വ്യാപകമായി മുസ്ലീം ലീഗ് രേഖപ്പെടുത്തിയെന്ന സിപിഎം പരാതിയിൽ റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കണ്ണൂർ കാസർകോട് ജില്ലാ കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയത്. ആരോപണത്തെക്കുറിച്ച് യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ ഉദുമയിൽ തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നവരുടെ പേരിൽ മുസ്ലീം ലീഗുകാർ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം. ഉദുമ നിയോജക മണ്ഡലത്തിലെ 126-ാം ബൂത്തിലെ 313-ാം വോട്ടർ അബൂബക്കർ സിദ്ദീഖ്, 315ാ-ാം വോട്ടർ ഉമ്മർ ഫാറൂഖ്, 1091-ാം വോട്ടർ ഫവാദ്, 1100-ാം വോട്ടർ സുഹൈൽ, 1168-ാം വോട്ടർ ഇംതിയാസ് എന്നിവർ നിലവിൽ വിദേശത്താണുള്ളത്.
എന്നാൽ വോട്ടെടുപ്പ് ദിവസം നാട്ടിൽ ഇല്ലാത്ത ഇവരുടെ പേരിൽ യുഡിഎഫ് കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം. 125-ാം ബൂത്തിൽ വോട്ടർ പട്ടികയിൽ നിന്നും തള്ളിയ രണ്ട് പേരുടെ പേരിൽ വോട്ട് രേഖപ്പെടുത്തിയതായും പരാതിയുണ്ട്.
മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും ചെയ്ത കൂടുതൽ കള്ളവോട്ടുകളുടെ കണക്കെടുത്ത് പ്രാദേശിക ഘടകങ്ങൾക്ക് ഇടതു മുന്നണി നിർദ്ദേശം നൽകിയിട്ടുണ്ട്. കാസർകോട് മണ്ഡലത്തിൽ 110 ബൂത്തുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇവിടങ്ങളിൽ വീണ്ടും വോട്ടിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് ആരോപണവുമായി എൽഡിഎഫും രംഗത്തെത്തുന്നത്.