കോഴിക്കോട്(www.mediavisionnews.in): ഇസ്‌ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്മാര്ക്കെതിരെ ആര്‍.എസ്.എസിന്റെ വധഭീഷണി. ഫൈസലിന്റെ മരണത്തോടെ ഇസ്‌ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കള്‍ക്കെതിരെയാണ് ആര്‍.എസ്.എസ് ഭീഷണി മുഴക്കിയത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു എന്നയാളാണ് കുട്ടികളെ വധിക്കുമെന്നും എല്ലാത്തിനേയും നുളളികളയുമെന്നും ഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് തിരൂരങ്ങാടി പൊലീസ് സി.ഐക്ക് മുമ്പാകെ സഹോദരിയും മകനും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു ഭീഷണി. നേരത്തെ ഫൈസലിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ തിരൂരങ്ങാടി പൊലിസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം വധഭീഷണി മുഴക്കിയത് സംബന്ധിച്ച് പരാതി കിട്ടിയിട്ടുണ്ടെന്നും പരാതിയിന്മേല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും തിരുരങ്ങാടി പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫൈസലിന്റെ കുടുംബം കഴിഞ്ഞ വര്‍ഷമാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. ഫൈസലിന്റെ രണ്ട് സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അഞ്ച് മക്കളും ഉള്‍പ്പടെ കുടുംബത്തിലെ എട്ട് അംഗങ്ങളാണ് ഇസ്‌ലാം സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്. പുല്ലാണി കൃഷ്ണന്‍ നായരുടേയും മിനാക്ഷിയുടേയും മകനായ ഫൈസലിനെ ഫറൂഖ് നഗറിലെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്കും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു.
മതം മാറുന്നതിന് മുന്‍പ് അനില്‍കുമാറെന്നായിരുന്നു ഫൈസലിന്റെ പേര്. ഗള്‍ഫിലേക്ക് ഞായറാഴ്ച പോകാനിരിക്കേ തന്നെ കാണാനെത്തിയ ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തനിക്ക് തന്റെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫൈസലിന്റെ കൊലപാതക കേസില്‍ 16 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍.എസ്എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ ഭാര്യാസഹോദരന്‍ വിനോദ്, വിശ്വഹിന്ദ് പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശ്ശേരി ജയകുമാര്‍ എന്നിവരുള്‍പെടെയുള്ളവരാണ് പൊലീസ് പിടിയിലായത്. കുറ്റം ചുമത്തപ്പെട്ടവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി.