സോള്‍(www.mediavisionnews.in) : രാജ്യവ്യാപകമായി 5ജി ടെലികോം സേവനം തുടങ്ങുന്ന ആദ്യ രാജ്യമായി ദക്ഷിണ കൊറിയ. പൊതുജനങ്ങള്‍ക്കായി ഇന്ന് അവതരിപ്പിക്കും.
അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ടെലികോം സാങ്കേതികവിദ്യ കൊറിയയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എസ്.കെ ടെലികോം, കെ.ടി, എല്‍.ടി പ്ലസ് എന്നിവ ഒരേസമയമാണു പുറത്തിറക്കിയത്. ലോകവിപണിയിലെത്തുന്ന ആദ്യ 5ജി ഫോണ്‍ എന്ന വിശേഷണത്തോടെ സാംസങ് ഗാലക്‌സി എസ്10 ഇന്ന് കൊറിയയില്‍ വില്‍പ്പനയ്‌ക്കെത്തുന്നതോടെയാണിത്.
ഖത്തറിലെ ചിലയിടങ്ങളില്‍ 5ജി നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും ഫോണില്ലാത്തതിനാല്‍ വൈഫൈ ഹോട്‌സ്‌പോട്ട് പോലെയുള്ള ഉപകരണങ്ങളിലൂടെയേ പ്രവര്‍ത്തിപ്പിക്കാനാകുമായിരുന്നുള്ളൂ. ബുധനാഴ്ച രാത്രി 11-നു (കൊറിയന്‍ സമയം) പ്രവര്‍ത്തനമാരംഭിച്ചെന്നാണ് കമ്പനികളുടെ വെളിപ്പെടുത്തല്‍.
യു.എസില്‍ വെറൈസണ്‍ ടെലികോം കമ്പനി അതിനു രണ്ടു മണിക്കൂറിനുശേഷം ഷിക്കാഗോ, മിനിയാപൊളിസ് നഗരങ്ങളില്‍ 5ജി തുടങ്ങി. കൊറിയയിലെ ആറു പ്രശസ്തര്‍ക്കാണ് എസ്.കെ ടെലികോം സേവനം നല്‍കിയത്. കെ.ടി ഒരു സാധാരണ വ്യക്തിക്ക് 5ജി നല്‍കി. എല്‍.ജി പ്ലസ് ഒരു ടിവി താരത്തിനും ഭര്‍ത്താവിനുമാണു സേവനമെത്തിച്ചത്.