അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്ക്കുനേരെ വെടിവെപ്പിനുള്ള ശ്രമമുണ്ടായി: രാജ്‌നാഥ് സിങ്ങിന് കോണ്‍ഗ്രസിന്റെ പരാതി

0
501

ലക്‌നൗ(www.mediavisionnews.in): ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കഴിഞ്ഞദിവസം അമേഠിയിലെത്തിയ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് അയച്ച കത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ‘ അന്വേഷണം നടത്താനും എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കില്‍ അത് ഇല്ലാതാക്കുകയും വേണം’ എന്നാണ് മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന രാഹുലിന്റെ തലയ്ക്കുനേരെ ഏഴുതവണ പച്ചനിറത്തിലുള്ള ലേസര്‍ പോയിന്റ് ചെയ്‌തെന്നാണ് കോണ്‍ഗ്രസ് കത്തില്‍ പറയുന്നത്. ‘അദ്ദേഹത്തിന്റെ തലയ്ക്കുനേരെ ലേസര്‍ പോയിന്റ് ചെയ്തു. ഒരു ചെറിയ സമയത്തിനുള്ളില്‍ ഏഴു തവണ.’ എന്നാണ് കത്തില്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലെ വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ രാജ്‌നാഥ് സിങ്ങിന് സമര്‍പ്പിച്ചിട്ടുണ്ട്. അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് രാജ്‌നാഥ് സിങ്ങിനെ സമീപിച്ചത്.

മുന്‍ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇതൊരു സ്‌നൈപ്പര്‍ ഗണ്ണില്‍ നിന്നുള്ളതാവാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് കൊല്ലപ്പെട്ടേക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് തങ്ങളെല്ലാം ഞെട്ടലിലും ഭീതിയിലുമാണെന്നും കത്തില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here