പത്തനംതിട്ട(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിന് സംസ്ഥാന ബിജെപിയിൽ അവകാശമുന്നയിച്ച് കൂടുതൽപേർ. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരാണ് പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ. ശബരിമല വിഷയം ഏറ്റവും പ്രതിഫലിക്കുക പത്തനംതിട്ടയില്‍ ആവുമെന്നും ഇതു തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.
സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള മത്സരത്തിനില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒന്നാമതായി പരിഗണിക്കപ്പെട്ടത് അദ്ദേഹത്തിന്റെ പേരാണ്. തിരുവനന്തപുരത്ത് കുമ്മനം രാാജശേഖരന്റെ പേര് ഏതാണ് ഉറപ്പായ സ്ഥിതിക്ക് പത്തനംതിട്ടയിൽ ശ്രീധരന്‍ പിള്ള പരിഗണിക്കപ്പെടും എന്നാണ് ബിജെപിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
ഇവിടെ മത്സരിക്കാന്‍ പിള്ളയ്ക്ക് എതിര്‍പ്പില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാൽ ശബരിമല വിഷയത്തില്‍ ഏറ്റവും സജീവമായി ഇടപെട്ട ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആണെന്നും അവിടെ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. സുരേന്ദ്രന്‍ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.
എന്നാല്‍ സുരേന്ദ്രന്‍ ഇതിനോടു താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച പത്തനംതിട്ടയില്‍ വീണ്ടും മത്സരിക്കണമെന്ന താത്പര്യം എംടി രമേശ് നേതൃത്വത്തിനു മുന്നില്‍ വച്ചിട്ടുണ്ട്. പത്തനംതിട്ട ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നു രമേശ് നിലപാടെടുത്താല്‍ അതു പാര്‍ട്ടിയില്‍ പ്രതിസന്ധിക്കു വഴിവയ്ക്കുമെന്നും ബിജെപി നേതൃത്വത്തിന് ഭയമുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.